മലയാളത്തിന്‍റെ ശബ്ദങ്ങളും ലിപികളും
ഹ്യൂസ്റ്റനിലെ Writer's Forum- ത്തിന്റെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രഭാഷണത്തിന്റെ ചുരുക്കം മലയാളം കേട്ട് മനസ്സിലാക്കാനും സംസാരിക്കാനുമറിയാമെങ്കിലും വായിക്കാനും എഴുതാനുമറിഞ്ഞുകൂടാ -- രണ്ടാം തലമുറക്കാരായ മിക്ക മലയാളി പ്രവാസികളുടെയും അവസ്ഥ ഇതാണ് . വാമൊഴി കുറെയൊക്കെ അറിയാം ; വരമൊഴി തീരെ വശമില്ല . അങ്ങനെയുള്ളവരെ എഴുത്തും വായനയും പഠിപ്പിക്കുന്ന മലയാളം ക്ലാസ്സുകള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നുണ്ട് . അത്തരം ചില ക്ലാസുകളില്‍ മലയാളം പഠിപ്പിച്ചതില്‍ നിന്നും ഉള്‍ക്കൊണ്ട ചില അനുഭവപാഠങ്ങളാണ് ഇവിടെ കുറിക്കുന്നത് . ചൈനീസ് കഴിഞ്ഞാല്‍ പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷയാണ് മലയാളം എന്ന്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് . ഈ മുന്‍വിധിയോടെ മലയാളത്തെ സമീപിക്കുന്നതിന്റെ ഫലമായി മലയാളപഠനം ഒരു ബാലികേറാമലയാണെന്ന് പലരും തെറ്റായി ധരിക്കുന്നു . മലയാളത്തിന്‍റെ വ്യാകരണഘടന മറ്റേതൊരു ഭാഷയെപ്പോലെയും സാമാന്യം വിഷമകരം തന്നെ . എന്നാല്‍ മലയാളം വായിക്കാനും എഴുതാനും പഠിക്കുന്നത് എളുപ്പമാണ് . മലയാളം സംസാരിക്കാനറിയാം എന്നാല്‍ വായിക്കാനറിയില്ല എന്ന്‍ പറയുന്നവരോട് ഞാന്‍ ഇങ്ങനെ പറയാറുണ്ട് : വാമൊഴി പഠിച്ചതിലൂ...