നമ്പൂരിച്ചന്റെ പൂച്ചയും ഓര്‍ത്തഡോക്സ് വിശ്വാസവും
ജോര്‍ജിയന്‍ മിററിന്‍റെ ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ വന്ന ഡോ. എം. കുര്യന്‍ തോമസിന്‍റെ ഈ ലേഖനം ക്രൈസ്തവലോകത്തിന്‍റെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരുടെ, കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാണ്. ക്രൈസ്തവവിശ്വാസം എന്ന പേരില്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പിന്തുടരുന്നത് മദ്ധ്യകാല സുറിയാനി ദയറായിസമാണ് എന്ന കണ്ടെത്തല്‍ നൂറ്റാണ്ടുകളായി നാം പിന്തുടരുന്ന സാംസ്കാരിക അടിമത്തത്തില്‍ നിന്ന് നമ്മെ സ്വതന്ത്രരാക്കുന്ന ഒരു മഹാസത്യമാണ്. നമ്മുടെ സാംസ്കാരിക അപചയത്തിന് മുഖ്യകാരണമായി ഇന്നും പൊതുവേ കരുതപ്പെടുന്നത് കത്തോലിക്ക-പ്രോട്ടസ്ടന്റ്റ് സ്വാധീനമാണ്. എന്നാല്‍ അവയെക്കാള്‍ വളരെയേറെ നമ്മുടെ സാംസ്കാരികത്തനിമ ഇല്ലായ്മ ചെയ്തത് സുറിയാനി പിതാക്കന്മാര്‍ ഇവിടെ പ്രചരിപ്പിച്ച ദയറാ പാരമ്പര്യങ്ങളാകുന്നു എന്ന് ഡോ. കുര്യന്‍ തോമസ് കാര്യകാരണസഹിതം വാദിച്ചുറപ്പിക്കുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു മഹാസംസ്കാരമാണ് ക്രൈസ്തവമതം. ഇത് വിവിധ പ്രദേശങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ അനേകം കൈവഴികളിലായി ഒഴുകിക്കൊണ്ടിരിക്കുന്നു. യേശുവും അപ്പോസ്തോലമാരും പഠിപ്പിച്...