പൌലോസ് മാര്‍ ഗ്രിഗോറിയോസ്, ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി
ആലുവാ ഫെലോഷിപ്പ് ഹൌസില്‍ നടത്തിയ പൌലോസ് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം മലയാളമണ്ണില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസ് എന്ന മഹാത്മാവിനെ നാം ഇന്ന് സ്മരിക്കുന്നു. അദ്ദേഹത്തിന്‍റെ കാലടികള്‍ പതിഞ്ഞ ഈ ആലുവാ ഫെലോഷിപ്പ് ഹൌസില്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. 1922 മുതല്‍ 1996 വരെ 74 വര്‍ഷക്കാലം അദ്ദേഹം ഭൂമുഖത്ത് ജീവിച്ചു. അദ്ദേഹം ജീവിച്ചിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹത്തെ അറിയാനിടയായിട്ടുള്ള എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? ആരായിരുന്നു അദ്ദേഹം? എന്തായിരുന്നു അദ്ദേഹത്തിന്‍റെ സംഭാവന? ആ ചോദ്യത്തിന് ഞാന്‍ കേട്ടിട്ടുള്ള മറുപടികള്‍ ഇതൊക്കെയാണ്: അദ്ദേഹം ഒരു വലിയ ഫിലോസഫെര്‍ ആയിരുന്നു എന്ന് ചിലര്‍, ഒരു വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു എന്ന് ചിലര്‍, ഒരു വിദ്യാഭ്യാസവിചക്ഷണന്‍ ആയിരുന്നു എന്ന് മറ്റു ചിലര്‍, ലോകസമാധാനത്തിന് വേണ്ടി അശ്രാന്തം പൊരുതിയ ഒരാള്‍ എന്ന് മറ്റു ചിലര്‍. അദ്ദേഹം കാലം ചെയ്തപ്പോള്‍ പ്രശസ്ത സാഹിത്യകാരനും തത്വചിന്തകനുമായിരുന്ന സ...