ക്രൈസ്തവദൌത്യം-- ഒരു പുനര്‍വിചിന്തനം
ക്രൈസ്തവസഭ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവസഭകളും എപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കേണ്ട ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന് അവര്‍ കണ്ടെത്തുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ നിലപാടുകളും പ്രവര്‍ത്തനപരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നത്. അടുത്തകാലത്ത് സോപാന അക്കാദമി കോട്ടയത്ത് സംഘടിപ്പിച്ച ഒരു പഠനസമ്മേളനത്തിന്‍റെ പ്രധാന വിഷയം ഇതായിരുന്നു. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെപ്പറ്റിയുള്ള ചില ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. 1. എന്താണ് സഭയുടെ മിഷന്‍? ക്രിസ്തുവിന്‍റെ മിഷന്‍ എന്താണോ അതുതന്നെയാണ് ക്രൈസ്തവസഭയുടെ മിഷനും എന്ന് പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്‍റെ മിഷന്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ആദ്യം നമുക്ക് ഉണ്ടാകണം. സ്വര്‍ഗ്ഗരാജ്യം സമീപമുണ്ട് എന്നതായിരുന്നു അവിടുന്നു പ്രഘോഷിച്ച സദ്വാര്‍ത്ത. അങ്ങയുടെ രാജ്യം ഭൂമിയില്‍ വരണമേ എന്ന് പ്രാര്‍ഥിക്കുവാന്‍...