ധന്യന്‍ തന്‍ മൃതിയാല്‍ മരണത്തെ കൊന്നു
ജോർജിയൻ മിറര്‍ 2014 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. പൌരസ്ത്യ ക്രൈസ്തവസഭകളുടെ ദുഖവെള്ളി ആരാധനക്രമം രൂപപ്പെട്ടു വികസിച്ചത് ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്കന്മാര്‍ രചിച്ച അതിമനോഹരവും അര്‍ത്ഥവത്തുമായ കാവ്യങ്ങളില്‍ നിന്നാണ്. മാര്‍ അപ്രേം, മാര്‍ ശെമവോന്‍ കൂക്കോയോ, സെരൂഗിലെ മാര്‍ യാക്കോബ് എന്നിവരുടെ പേരുകളാണ് പ്രധാനമായും രചയിതാക്കളായി നാം കാണുന്നത്. നാല്, അഞ്ച്, ആറ് എന്നീ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഈ പിതാക്കന്മാര്‍ സുറിയാനി ഭാഷയിലാണ് കാവ്യങ്ങള്‍ രചിച്ചത്. യേശുക്രിസ്തു ഉപയോഗിച്ച അരമായിക് ഭാഷയുടെ ഒരു ഭാഷാന്തരമാണ് പില്‍ക്കാലത്ത് സുറിയാനി എന്നറിയപ്പെട്ടത്. റോമാസാമ്രാജ്യം ഒന്നാം നൂറ്റാണ്ടില്‍ രാജദ്രോഹക്കുറ്റത്തിന് കുരിശിലേറ്റിയ യേശു നാലാം നൂറ്റാണ്ടോടെ അതേ സാമ്രാജ്യത്തില്‍ ദൈവമായി വാഴ്ത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ യേശുവിന്റെ മരണവും ഉയിര്‍പ്പും ലോകചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളായി കരുതപ്പെട്ടു. ഈ സംഭവങ്ങള്‍ ഓര്‍ക്കുന്ന പെരുനാളുകള്‍ ഏറ്റവും പ്രധാനപ്പെട്ട പെരുനാളുകളുമായി. ദൈവം എന്തിന് മനുഷ്യനായി എന്നും എന്തിന് സ്വമനസാലെ മരണം വരിച്ചു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്...