ആരാധനയും ദേവാലയവും ലോകവും
വിശുദ്ധ വേദപുസ്തകത്തിന്‍റെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം തന്നെ ഒരു ദേവാലയമാണ്. ദൈവം മനുഷ്യനോടൊപ്പം വസിക്കുന്നതായി നാം അവിടെ വായിക്കുന്നു. യാതൊരു തിന്‍മയും ആ ലോകത്തിലില്ല. അവിടെ മനുഷ്യന്‍ ദൈവത്തോടും, പരസ്പരവും, പ്രകൃതിയോടും സമ്പൂര്‍ണ ഐക്യത്തില്‍ ജീവിക്കുന്നു. ലോകം തന്നെ ഒരു ദേവാലയമായതിനാല്‍ അവിടെ ഒരു ദേവാലയം പണിയേണ്ട ആവശ്യമില്ല. ഏദന്‍തോട്ടത്തില്‍ ദേവാലയം ഇല്ല. ഏദന്‍തോട്ടം തന്നെ ഒരു ദേവാലയമാണ്. ജീവിതം തന്നെ ആരാധനയാണ്. അതുകൊണ്ടു പ്രത്യേക ആരാധനയുടെ ആവശ്യമില്ല. എന്നാല്‍ വേദപുസ്തകത്തിന്‍റെ മൂന്നാം അധ്യായം മുതല്‍ ഇതല്ല സ്ഥിതി. മനുഷ്യന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്‍റെ ഫലമായി ലോകം ദേവാലയം അല്ലാതാകുന്നു. ഇതാണ് നമ്മുടെ ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ. നമ്മുടെ ലോകം ഒരു ദേവാലയമല്ല. ദൈവം ഇവിടെ നമ്മോടൊപ്പം വസിക്കുന്നില്ല. നമ്മുടെ ജീവിതം ഒരു ആരാധനയല്ല. എന്നാല്‍ വേദപുസ്തകത്തിന്‍റെ ഒടുവിലത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം പുനസ്ഥാപിക്കപ്പെടുന്നതായി നാം വായിക്കുന്നുണ്ട്. ലോകം വീണ്ടും ഏദന്‍ തോട്ടം പോലെയാകുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും അവിടെ പുനസ്ഥാപിക്കപ്പെടുന്നു. വീണ്ടും ദൈവം മ...