സഖേര്‍ എന്ന അനുഗ്രഹീതനായ എഴുത്തുകാരന്‍ മലയാളത്തിനു മൊഴിമാറ്റി സമ്മാനിച്ച നിസ്സയിലെ ഗ്രിഗോറിയോസ് രചിച്ച "മോശയുടെ ജീവിതം" എന്ന മഹാഗ്രന്ഥത്തിന്റെ ഒരു ആസ്വാദനം "സഹോദരാ, നീ ദൈവത്തിന്റെ സ്നേഹിതനാവുക! ഇതാണ് ആത്യന്തിക പൂര്‍ണ്ണത. തിന്മ വിട്ടു നന്മ ചെയ്യുന്നത് ശിക്ഷ ഭയന്നാകരുത്. പ്രതിഫലത്തിനു വേണ്ടിയുള്ള അനുഷ്ഠാനവുമാകരുത് നിന്റെ നന്മ പ്രവര്‍ത്തികള്‍. ദൈവവുമായുള്ള നിന്റെ ബന്ധം ഒരു വ്യാപാരബന്ധമോ ഉടമ്പടിയോ ആകരുത്." ഇങ്ങനെയാണ് നിസ്സായിലെ ഗ്രിഗോറിയോസ് തന്റെ "മോശയുടെ ജീവിതം" എന്ന ഗ്രന്ഥം ഉപസംഹരിക്കുന്നത്. ഈ മഹദ് ഗ്രന്ഥത്തിന്റെ ഒരു മലയാള തര്‍ജമ വായിക്കുവാന്‍ ഈ എഴുത്തുകാരന് ഭാഗ്യമുണ്ടായി. സഖേര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സഖറിയാ നൈനാന്‍ എന്ന വന്ദ്യ വൈദികനാണ് തര്‍ജമ നിര്‍വഹിച്ചിരിക്കുന്നത്. കോട്ടയത്തെ M. O. C. Publications പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന് ഫാദര്‍ കെ. എം. ജോര്‍ജ് അതിപ്രൌഢമായ അവതാരിക രചിച്ചിരിക്കുന്നു. ഏതാണ്ട് പതിനഞ്ചു നൂറ്റാണ്ടുകള്‍ക്കപ്പുറം കപ്പദോക്യ (ഇന്നത്തെ ടര്‍ക്കി) യിലെ നിസ്സായില്‍ ജീവിച്ചിരുന്ന അതിഭക്തനും മഹാപണ്ഡിതനുമായിരുന്ന ...