ഡേവിഡ് & ഗോലിയാത്ത്
വളരെ അര്‍ഥവത്തും ഹൃദയ സ്പര്ശിയുമായ ഒരു ചലച്ചിത്രം ഈയിടെ കാണുവാനിടയായി-- ഡേവിഡ് & ഗോലിയാത്ത്. ഒരു പുരാണകഥയുടെ സമകാലിക വ്യാഖാനമായി ഇതിനെ കാണാം. വെറുമൊരു ആട്ടിടയബാലനായിരുന്ന ഡേവിഡ് കവിണയില്‍ കല്ലെറിഞ്ഞു മഹാമല്ലനായിരുന്ന ഗോലിയാത്തിനെ തോല്പ്പിക്കുന്നതാണ് പുരാണ കഥ. ദൈവത്തിലുള്ള അചഞ്ചല വിശ്വാസമാണ് ഡേവിഡിനെ ഇതിനു പ്രാപ്തനാക്കുന്നത്. ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രവും ഡേവിഡ് തന്നെ. കോട്ടയം ജില്ലയിലെ വാഗമണ്‍ എന്ന മലമ്പ്രദേശത്ത് ഒരു ക്രൈസ്തവ പുരോഹിതനോടൊപ്പം വളരുന്ന ഒരു അനാഥബാലനാണ് ഡേവിഡ്. ഇച്ഹാശക്തി ലവലേശമില്ലാത്ത ഒരു പേടിത്തൊണ്ടനാണ് അവന്‍ . പ്രത്യേകിച്ച് ആള്‍ക്കൂട്ടം അവനില്‍ ഭയമുണ്ടാക്കും. ഭയം വരുമ്പോള്‍ മൂക്കിലൂടെ രക്തം ഒലിക്കുകയും ചെയ്യും. സ്നേഹം, ക്ഷമ, സഹനം, തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങള്‍ പുരോഹിതനില്‍ നിന്ന് അവന്‍ സ്വായത്തമാക്കുന്നു. ചെറുപ്പത്തില്‍ അസാമാന്യ ബുദ്ധിവൈഭവം പ്രകടമാക്കുന്നുണ്ടെങ്കിലും സ്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുന്നില്ല. പിന്നീട് സാങ്കേതിക വിദ്യയില്‍ സാമര്‍ത്ഥ്യം പ്രകടമാക്കുന്നു. സ്വന്തമായി ഒരു ഗീസര്‍ നിര്‌മ്മിക്കുന്നു. അതിനു ശേഷം ഒരു വൈദ്യുതി ജെനറേറ്ററും. ത...