മതം എന്ന ജീവിതാരോഗ്യരക്ഷാരീതി
മനുഷ്യശരീരം ആരോഗ്യമുള്ളതോ രോഗമുള്ളതോ ആകുന്നതുപോലെ മനുഷ്യജീവിതവും ആരോഗ്യമുള്ളതോ രോഗമുള്ളതോ ആകാം . മനുഷ്യശരീരത്തിന്‍റെ ആരോഗ്യത്തിന്റെ സംരക്ഷണമാണ് വൈദ്യശാസ്ത്രത്തിന്റെ മേഖല എങ്കില്‍ മനുഷ്യജീവിതത്തിന്റെ ആരോഗ്യസംരക്ഷണമാണ് മതത്തിന്റെ മേഖല . മനുഷ്യശരീരത്തിന്റെ രോഗം , ആരോഗ്യം ഇവ പഠനത്തിന് വിഷയമാക്കുന്നത് താരതമ്യേന എളുപ്പമാണ് ; കാരണം , വസ്തുനിഷ്ടമായ പഠനം സാധ്യമാണ് . എന്നാല്‍ മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന പഠനം അത്ര എളുപ്പമല്ല . ആരോഗ്യമുള്ള മനുഷ്യജീവിതം എന്നാല്‍ എന്താണ് ? അല്ലാത്ത ജീവിതം എങ്ങനെയാണ് ? എങ്ങനെ മനുഷ്യജീവിതത്തിന്റെ ആരോഗ്യം പുനസ്ഥാപിക്കാം ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വസ്തുനിഷ്ടമായ പഠനത്തിന് വിഷയമാക്കാന്‍ പ്രയാസമാണ് . അതുകൊണ്ട് വൈദ്യശാസ്ത്രത്തെക്കാള്‍ വളരെ സങ്കീര്‍ണമാണ് മതം . ഈ മേഖലയെ ശാസ്ത്രീയമായി സമീപിക്കാനുള്ള നമ്മുടെ ശ്രമങ്ങളാണ് മനശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും മറ്റും . എന്താണ് ആരോഗ്യമുള്ള മനുഷ്യജീവിതം എന്ന് മനസിലാക്കാന്‍ പൌരാണിക കാലം മുതല്‍ മനുഷ്യന്‍ ശ്രമിച്ചിട്ടുണ്ട് . മിക്ക പൌരാണിക സംസ്കൃതികളിലും ആരോഗ്യമുള്ള മനുഷ്യജീവിതത്തെ സ്വര്‍ഗ്ഗം എന്ന് വിളിച്ചു . മനുഷ്യര്‍ സുഖമായും...