ജോണ്‍ കുന്നത്തിന്‍റെ "സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍" --ഒരാസ്വാദനം : തോമസ് കളത്തൂര്‍
സ്വീകരിച്ചുപോയ ധാരണകള്‍ ശരിയാണെന്ന്‍ സ്ഥാപിക്കാനുള്ള മനുഷ്യന്‍റെ വ്യഗ്രത ഇന്നും എന്നും നിലനില്‍ക്കുന്നു . ശരിയായ സത്യാന്വേഷണത്തിനിറങ്ങുന്നവര്‍ തുലോം കുറവാണ് . ശരിയായ സത്യത്തെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ക്രൂശിക്കപ്പെടുന്നു . അതേ അനുഭവത്തിന്‍റെ ഇരകളായി തീര്‍ന്ന ക്രൈസ്തവസമൂഹവും ക്രൂശിക്കപ്പെട്ടവന്‍റെ പാതയില്‍ നിന്ന് ക്രൂശിക്കുന്നവരുടെ പാതയിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു . ഇത് മനസിലാക്കുന്ന നേതാക്കള്‍ പോലും എസ്റ്റാബ്ലിഷ്മെന്റിനെ താങ്ങി നിര്‍ത്താന്‍ വേണ്ടി അന്ധരും ബാധിരരുമായി അഭിനയിക്കുന്നു . ഈ സന്ദര്‍ഭത്തില്‍ സത്യത്തെ മനസിലാക്കിക്കൊടുക്കാനും , തിരുവെഴുത്തുകളെ ശരിയായി അപഗ്രഥിക്കാനും , ചരിത്രസത്യങ്ങളിലൂടെ കൈപിടിച്ചു നടത്താനും ശ്രീ ജോണ്‍ കുന്നത്ത് രചിച്ച ' സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ ' പോലെയുള്ള ഗ്രന്ഥങ്ങള്‍ക്ക് കഴിയും . ഒരദ്ധ്യാപകന്‍ കൂടിയായ രചയിതാവ് ലളിതമായ ആഖ്യാനത്തിലൂടെ ഉപമകളുപയോഗിച്ച് ആത്മീകതയുടെയും ദൈവികതയുടെയും അറിവിന്‍റെ ഒരു വലിയ കലവറ വായനക്കാരന് തുറന്ന് കാട്ടുന്നു . ക്രിസ്തു ആളുകളെ വിളിച്ചത് ഒരു മതത്തിലേക്കായിരുന്നില്ല , ഒരു പുതിയ ജീവിതശൈലിയിലേക്കാ...