ക്രിസ്തുമതത്തിന്റെ ഭാവി


ക്രിസ്തുമതം ഇന്ന് ഒരു നിർണായക വഴിത്തിരിവിലാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സഭ അംഗസംഖ്യയിലെ കുറവും ആഭ്യന്തര ഭിന്നതകളും വിശ്വാസപ്രതിസന്ധികളും നേരിടുന്നു. സഭയുടെ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്.

ഈ സാഹചര്യത്തിൽ ഒരു അടിസ്ഥാനചോദ്യം ഉയരുന്നു: ക്രിസ്തുമതത്തിന്റെ അടിസ്ഥാനം എന്തായിരിക്കണം? യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളോ, യേശുവിന്റെ പഠിപ്പിക്കലുകളോ?

1. ക്രിസ്തീയ വിശ്വാസങ്ങളുടെ ചരിത്രപരമായ രൂപീകരണം

ഓരോ മതവിശ്വാസത്തിനും ഒരു ചരിത്രപശ്ചാത്തലമുണ്ട്. യഹൂദമതത്തിൽ ഒരു മശിഹായെക്കുറിച്ചുള്ള പ്രതീക്ഷ നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. യേശുവിന്റെ ജീവിതവും പഠിപ്പിക്കലുകളും അസാധാരണ വ്യക്തിത്വവും കണ്ടപ്പോൾ, അനേകർ യേശു തന്നെയാണ് ആ മശിഹാ എന്ന് വിശ്വസിച്ചു. എന്നാൽ യഹൂദമതത്തിന്റെ മുഖ്യധാര ഈ വിശ്വാസം അംഗീകരിച്ചില്ല. അതിന്റെ ഫലമായി യേശുവിന്റെ അനുയായികൾ യഹൂദസമൂഹത്തിൽ നിന്ന് ക്രമേണ വേർപെട്ടു.

ഈ വേർപിരിയലിനുശേഷം ക്രിസ്തീയ സമൂഹം അതിന്റെ സ്വത്വം വിശദീകരിക്കുന്നതിനായി വിവിധ ദൈവശാസ്ത്ര വിശ്വാസങ്ങൾ വികസിപ്പിച്ചു. യേശുവിലൂടെ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടുവെന്നും, യേശുവിന്റെ മരണം മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരമായുള്ള യാഗമാണെന്നും, ക്രൈസ്തവസഭ ദൈവത്തിന്റെ പുതിയ ജനമാണെന്നും അവർ വിശ്വസിച്ചു. ഈ വിശ്വാസങ്ങൾ പിന്നീട് ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ പ്രധാന അടിത്തറയായി വികസിച്ചു.

2. വിശ്വാസങ്ങളെ കേന്ദ്രമാക്കിയതിന്റെ വെല്ലുവിളികൾ

ഈ വിശ്വാസങ്ങൾ ക്രിസ്തുമതത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അവയെ കേന്ദ്രമാക്കിയതിന്റെ ചില ദോഷഫലങ്ങളും ചരിത്രത്തിൽ കാണാം.

(a) ആഭ്യന്തര ഭിന്നത

വിശ്വാസങ്ങൾ തെളിയിക്കാവുന്ന വസ്തുതകളല്ല; അവ വ്യാഖ്യാനിക്കപ്പെടുന്ന കാര്യങ്ങളാണ്. അതിനാൽ ഓരോ കാലഘട്ടത്തിലും ഓരോ സമൂഹവും അവയെ വ്യത്യസ്തമായി മനസ്സിലാക്കി. ഇതിന്റെ ഫലമായി ആയിരക്കണക്കിന് സഭാവിഭാഗങ്ങൾ രൂപപ്പെട്ടു. എല്ലാവരും യേശുവിനെ സ്വീകരിക്കുന്നവരാണെങ്കിലും, യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ വ്യത്യാസം സഭയുടെ ഐക്യത്തെ ദുർബലമാക്കി.

(b) ബാഹ്യ സംഘർഷം

ആദ്യകാലത്ത് യഹൂദമതത്തിൽ നിന്ന് ക്രിസ്തുമതം വേർപിരിഞ്ഞത് യേശുവിനെ മശിഹായായി അംഗീകരിച്ചതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം മൂലമാണ്. പിന്നീട് ഇസ്ലാം ഉദിച്ചുവന്നപ്പോൾ, ക്രിസ്തീയ വിശ്വാസങ്ങളിലെ ചില ആശയങ്ങളെ അത് വിമർശിച്ചു. ഇന്നും യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങൾ മതങ്ങൾ തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിലൊന്നായി തുടരുന്നു.

3. സഭയുടെ മുമ്പിലുള്ള ചോദ്യം

ഇന്ന് സഭയുടെ മുമ്പിലുള്ള ചോദ്യം ഇതാണ്: ഈ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം?

സഭയുടെ ഐക്യത്തിന് ഏറ്റവും ശക്തമായ പൊതുവേദി യേശുവിന്റെ പഠിപ്പിക്കലുകളാണെന്ന് നമുക്കറിയാം.

അതുകൊണ്ട് യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളെ ഉപേക്ഷിക്കണം എന്നല്ല അർഥമാക്കുന്നത്. എന്നാൽ സഭയുടെ പൊതുജീവിതത്തിലും സുവിശേഷപ്രവർത്തനത്തിലും അവയെ ഒരു വശത്തേക്ക് മാറ്റിവെച്ചുകൊണ്ട്, യേശു പഠിപ്പിച്ച കാര്യങ്ങളെ വീണ്ടും കേന്ദ്രസ്ഥാനത്ത് കൊണ്ടുവരാൻ ക്രൈസ്തവസഭ സന്മനസ്സ് കാണിക്കണം. 

4. യേശുവിന്റെ പഠിപ്പിക്കലുകളെ വീണ്ടും കേന്ദ്രത്തിലേക്ക്

യേശുവിന്റെ ജീവിതദർശനം എന്തായിരുന്നു? ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അവിടുന്ന് എന്താണ് പഠിപ്പിച്ചത്? ദൈവരാജ്യം എന്താണ്? ശത്രുസ്നേഹം, ക്ഷമ, കരുണ, നീതി, വിനയം, സമാധാനം എന്നിവയ്ക്ക് യേശുവിന്റെ ജീവിതത്തിൽ എന്ത് സ്ഥാനമാണുള്ളത്? ഇത്തരം ചോദ്യങ്ങളാണ് സഭയുടെ പഠനത്തിന്റെ കേന്ദ്രമാകേണ്ടത്.

 തന്നെ കുറിച്ചുള്ള വിശ്വാസങ്ങളും സിദ്ധാന്തങ്ങളും അല്ല, മറിച്ച്  ദൈവരാജ്യത്തിന്റെ സുവിശേഷം ആയിരുന്നു യേശു ആ നാട്ടിലെങ്ങും പ്രഖ്യാപിച്ചത് എന്ന് നമുക്കറിയാം. ഇത് മാതൃകയാക്കി യേശുവിനെ കുറിച്ചുള്ള വിശ്വാസ സത്യങ്ങളെക്കാൾ യേശുവിന്റെ പഠിപ്പിക്കലുകളും യേശുവിന്റെ ജീവിതചര്യയും ആയിരുന്നു ആദിമ സഭയിൽ കേന്ദ്ര സ്ഥാനത്ത് ഉണ്ടായിരുന്നത് എന്നും നമുക്കറിയാം.

വൈദിക സമിതികളിലും സൺഡേ സ്കൂളുകളിലും ബൈബിൾ പഠന ക്ലാസുകളിലും സെമിനാരികളിലും മറ്റു എല്ലാ പഠനവേദികളിലും യേശുവിന്റെ ഉപദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. യേശു പ്രസംഗിച്ച ദൈവരാജ്യം വീണ്ടും ക്രിസ്തീയ സുവിശേഷഘോഷണത്തിന്റെ പ്രധാന വിഷയമാകണം.

5. സുവിശേഷത്തിന്റെ കേന്ദ്രം

സുവിശേഷം എന്നത് പ്രധാനമായും യേശുവിനെക്കുറിച്ചുള്ള സങ്കീർണ്ണ ദൈവശാസ്ത്ര സിദ്ധാന്തങ്ങൾ വിശദീകരിക്കുന്നതല്ല; യേശു പഠിപ്പിച്ച ജീവിതരീതിയെയും ദൈവരാജ്യത്തിന്റെ മൂല്യങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ്. യേശു പറഞ്ഞതുപോലെ ജീവിക്കുകയും, യേശു പഠിപ്പിച്ചതുപോലെ സ്നേഹിക്കുകയും, യേശു കാണിച്ച മാതൃക ലോകത്തിന് ദൃശ്യമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഏറ്റവും ശക്തമായ സാക്ഷ്യമാകുന്നത്.

6. ലോകവുമായി കൂടുതൽ അർത്ഥവത്തായ സംവാദം

യേശുവിന്റെ പഠിപ്പിക്കലുകൾ എല്ലാ മനുഷ്യരെയും അഭിസംബോധന ചെയ്യുന്നു. അവ ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ സംസ്കാരത്തിന്റെയോ മാത്രം സ്വത്തല്ല. അതുകൊണ്ട് യേശുവിന്റെ ഉപദേശങ്ങളെ കേന്ദ്രമാക്കിയുള്ള ഒരു ക്രിസ്തുമതത്തിന് ലോകവുമായി കൂടുതൽ അർത്ഥവത്തായ സംവാദം നടത്താനും, വിവിധ സഭകൾ തമ്മിൽ കൂടുതൽ ഐക്യം വളർത്താനും, മനുഷ്യസമൂഹത്തിൽ കൂടുതൽ സൃഷ്ടിപരമായ പങ്കുവഹിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കാം.

7. ഇന്നത്തെ ആവശ്യമായ നവീകരണം

സഭയുടെ ചരിത്രത്തിൽ പല നവീകരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് ആവശ്യമുള്ള നവീകരണം, എന്റെ കാഴ്ചപ്പാടിൽ, യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളെ നിഷേധിക്കുകയല്ല; മറിച്ച് യേശുവിന്റെ പഠിപ്പിക്കലുകളെ വീണ്ടും സഭയുടെ കേന്ദ്രസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരികയാണ്.

ഉപസംഹാരം

അങ്ങനെ സംഭവിച്ചാൽ ക്രിസ്തുമതത്തിന് ഭാവിയിൽ കൂടുതൽ പ്രസക്തിയോടെയും കൂടുതൽ ഐക്യത്തോടെയും കൂടുതൽ വിശ്വാസ്യതയോടെയും മുന്നോട്ട് പോകാൻ കഴിയുമെന്ന് നമുക്ക്  ഉറച്ച് വിശ്വസിക്കാം.

Comments

Anonymous said…
ശ്രീ ജോൺ കുന്നത്ത് സാറിന്റെ 'ക്രിസ്തുമതത്തിന്റെ അടിസ്ഥാനം എന്തായിരിക്കണം? യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളോ, യേശുവിന്റെ പഠിപ്പിക്കലുകളോ?' എന്ന ലേഖനം, സ്വതന്ത്രചിന്ത നഷ്ടമാകാത്ത ഏതൊരു ക്രൈസ്തവന്റെയും കണ്ണു തുറപ്പിക്കാൻ പോരുന്നതാണ്.

ഏതൊരു പ്രസ്ഥാനത്തെയും തകർക്കാൻ, അതിന്റെ സ്ഥാപകനെ വാഴ്ത്തിക്കൊണ്ടിരുന്നാൽ മതി. അനുയായികൾ വ്യക്തിപൂജയിലേക്കു തിരിയുകയും, പ്രസ്ഥാനത്തിൻ്റെ അടിസ്ഥാനലക്ഷ്യങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും വ്യതിചലിക്കുകയും ചെയ്‌തുകൊള്ളും. ക്രിസ്തുമതത്തിലേക്കു നോക്കിയാൽ ഈ വസ്‌തുത വളരെ തെളിഞ്ഞുകാണാനാകും. യേശുവിനെ ആരാധനാവിഗ്രഹമാക്കിക്കൊണ്ട് അദ്ദേഹം ആവിഷ്കരിച്ച ദൈവദർശനത്തെയും മൂല്യസംഹിതയെയും തകിടംമറിക്കാൻ, പൗരോഹിത്യത്തിനു കഴിഞ്ഞു. അതിനുവേണ്ടി അവർ നിർമ്മിച്ചെടുത്ത 'ദിവ്യാ'യുധമാണ് 'ക്രിസ്റ്റോളജി', അഥവാ 'ക്രിസ്‌തുവിജ്ഞാനീയം'.

സ്നേഹാധിഷ്‌ഠിതമായ ദൈവരാജ്യമൂല്യങ്ങൾ സ്വയം ആർജ്ജിക്കുക, അവ മറ്റുള്ളവരിലേക്കു പകരുക, ആ മൂല്യങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു സമൂഹസൃഷ്‌ടിക്കായി (ദൈവരാജ്യസൃഷ്ടിക്കായി) പ്രവർത്തിക്കുക, അങ്ങനെ ജീവിതം സഫലമാക്കുക - യേശുവിൻ്റെ സുവിശേഷസാരമിതാണ്. എല്ലാവരും ഏകദൈവത്തിൻ്റെ മക്കളാണ് എന്ന യേശുദർശനത്തിലെത്തിച്ചേരുന്ന ആർക്കും ഈ സുവിശേഷം അയത്‌നലളിതമായി മനസ്സിലാക്കാനാവും. കാരണം, 'എല്ലാവരും ഒരേ ദൈവപിതാവിൻ്റെ മക്കൾ' എന്ന യേശുവിൻ്റെ അടിസ്ഥാനദർശനത്തിൻ്റെ പ്രാവർത്തികഭാഗം മാത്രമാണല്ലോ അത്.

എല്ലാവരും ഒരേ പിതാവിൻ്റെ മക്കളെങ്കിൽ, മനുഷ്യരെല്ലാം നേർസഹോദരരാണെന്നു വരുന്നു. സഹോദരനിർവ്വിശേഷമായ സ്നേഹഭാവം മനുഷ്യരെല്ലാം തമ്മിൽ ഉണ്ടാകേണ്ടതുണ്ടെന്നു വരുന്നു. സ്വകാര്യമാത്ര ചിന്താഗതികളും വ്യഗ്രതകളും അസൂയയും മാത്സര്യവും ശത്രുതയും കലഹവും കോപവും വിദ്വേഷവും വിഭാഗീയതകളു (ഗലാ 5:20-21 -21) മൊന്നും അവരുടെയിടയിടയിൽ പാടുള്ളതല്ല എന്നു വരുന്നു. പകരം, സ്നേഹം, സമാധാനം, ക്ഷമ, കരുണ, വിശ്വസ്‌തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാ. 5: 22-23) മുതലായ പരാർത്ഥതാഭാവങ്ങളുൾക്കൊണ്ടുവേണം തമ്മിൽ പെരുമാറാൻ എന്നു വരുന്നു. എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനോവിശാലതയിലേക്ക് മനുഷ്യൻ മാനസാന്തരപ്പെടേണ്ടതുണ്ടെന്നു വരുന്നു... ചുരുക്കത്തിൽ, അവനവനിൽനിന്ന് അപരനിലേക്കു മനുഷ്യമനസ്സുകളെ വിടർത്തിക്കൊണ്ട്, ലോകമാകെ സ്നേഹത്തിൻ്റെ പരിമളം പരത്തി മനുഷ്യനെയും ലോകത്തെയും അടിമുടി പരിവർത്തിപ്പിക്കാൻ പോരുന്നത്ര ശക്തി-ചൈതന്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്, യേശുവിൻ്റെ സുവിശേഷം. അതു മനുഷ്യനെ കേവലവ്യക്തികൾ എന്ന നിലയിൽനിന്നു ദൈവരാജ്യപൗരന്മാരായി രൂപാന്തരപ്പെടുത്തുന്നു; ദൈവരാജ്യത്തിലേക്കുള്ള സാമൂഹികപരിവർത്തനത്തിൻ്റെ പുളിമാവാക്കി മാറ്റുന്നു. ഇതിൻ ഫലമായി, ആത്മാനന്ദകരവും പരസ്‌പരാനന്ദകരവുമായ ഒരു ലോകം - ദൈവരാജ്യം - ഈ ലോകത്തിൽ ഉദയംകൊള്ളുകയും ചെയ്യുന്നു.

ഇത്ര വ്യക്തവും ജീവൻ തുടിക്കുന്നതുമായ ഒരു ദർശനവും (vision), അതിൻ്റെ അടിസ്ഥാനത്തിൽ സമൂർത്തവും ചലനാത്മകവുമായ ഒരു പ്രയോഗശാസ്ത്ര(praxis)വും, യേശു ഈ ലോകത്തിൽ അവതരിച്ചിട്ട് 20 നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷേ, അതുകൊണ്ടെന്തുണ്ടായി എന്നാലോചിച്ചാൽ, യേശുവിന്റെ പേരിൽ ആയിരക്കണക്കിനു സഭകളും, യേശുവിനെ ആരാധനാവിഗ്രഹമാക്കി പാടിപ്പുകഴ്ത്താൻ ലക്ഷക്കണക്കിനു പള്ളികളും, അതിൻ്റെ പതിന്മടങ്ങ് പുരോഹിതരും, യേശുവിന് അധരസേവ ചെയ്യുന്ന കോടിക്കണക്കിന് 'ക്രൈസ്‌തവ'രുമുണ്ടായി എന്നതിനപ്പുറം, യേശു വിഭാവനംചെയ്ത ദൈവരാജ്യലക്ഷ്യത്തിലേക്ക് ലോകം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയിട്ടില്ല എന്നു കണ്ടെത്താൻ കഴിയും. എന്നു മാത്രമല്ല, യേശുവിൻ്റെ സുവിശേഷത്തിനു നേർവിരുദ്ധമായി, ഓരോരുത്തരും അവനവനിലേക്കുമാത്രമായി ചുരുങ്ങിക്കൂടിയും, അപരനെ അന്യനും ശത്രുവുമായി കണ്ടും മനുഷ്യമനസ്സുകളും ലോകവും ഒന്നിനൊന്നു കലാപകലുഷിതമായിക്കൊണ്ടിരിക്കുകയാണെന്നും കാണാൻ കഴിയും. വേറെ വാക്കുകളിൽ പറഞ്ഞാൽ, 'ആരാധനാക്രമങ്ങളിലൂടെ എന്നെ ആരാധിച്ചിട്ട് മാമോൻപൂജയിൽ ഇഷ്‌ടംപോലെ മുഴുകിക്കൊള്ളൂ' എന്ന് യേശു ഉപദേശിച്ചിരുന്നാലെങ്ങനെയോ അങ്ങനെയായിത്തീർന്നിരിക്കുന്നു ലോകം.

യേശുവിനെറിച്ചുള്ള വിശ്വാസത്തിൽ എന്നതിനേക്കാൾ, യേശുവിന്റെ പഠിപ്പിക്കലുകളിൽ കേന്ദ്രീകരിച്ചുള്ളതായിരിക്കണം ക്രൈസ്തവജീവിതം എന്ന ജോൺ സാറിൻ്റെ ആശയം നല്ല പ്രചാരം നേടി ഒരു പ്രസ്ഥാനംതന്നെ ആകട്ടെ എന്ന് ആശംസിക്കുന്നു.

- ജോർജ് മൂലേച്ചാലിൽ

P. C. Mathew said…
ജോൺ സാറിന്റെ ലേഖനത്തിൽ വളരെ പ്രസക്തമായ, മൂല്യവത്തായ മൂല്യവത്തായ ആശയങ്ങളാണ് മുമ്പോട്ട് വച്ചിരിക്കുന്നത്.
നൂറ്റാണ്ടുകളായി ക്രമേണ രൂപം കൊണ്ട ചില വ്യതിചലനങ്ങൾ മാറ്റി എടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ല.
എങ്കിലും ഇപ്പോഴത്തെ ക്രിസ്തീയ സഭകളുടെ സഭകളുടെയും സമൂഹത്തിന്റെ തന്നെയും ഗതി വിനാശകരമായ പാതയിലൂടെ ആണെന്നത് ഒരു മാറ്റത്തിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു.
സ്നേഹത്തിൽ അധിഷ്ഠിതമായ ക്രിസ്തുവിന്റെ സന്ദേശങ്ങൾ കൂടുതൽ ലളിതമായ രീതിയിൽ മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്താൽ അതിന് സ്വീകാര്യത ഉണ്ടാകും എന്ന് ഉറപ്പാണ്.
സ്നേഹത്തിന്റെ വഴിയിലൂടെ സഭകളും സമൂഹം തന്നെയും സഞ്ചരിച്ചാൽ അത് അത്ഭുതകരമായ പരിവർത്തനത്തിന് വഴിതെളിക്കും
സ്വർഗ്ഗരാജ്യം ഭൂമിയിൽ തന്നെ അനുഭവിക്കുന്ന സാഹചര്യം ഈ ലോകത്തിലെ ജനങ്ങളുടെ മുഴുവൻ ജീവിതത്തെയും കൂടുതൽ അർത്ഥപൂർണ്ണം ആക്കും സന്തോഷഭരിതമാക്കും.
പലപ്പോഴും വലിയ മാറ്റങ്ങൾ ചെറിയ തുടക്കങ്ങളിൽ നിന്ന് സംഭവിക്കുന്നു എന്നത് ചരിത്ര സത്യമാണ്.
അതുകൊണ്ട് ഈ സന്ദേശം കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Sijo George said…
തീർച്ചയായും ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്നു എനിക്കും പ്രതീതമാകുന്നു. വിശ്വാസങ്ങളെക്കാളും പ്രാധാന്യം യേശുവിന്റെ ഉപദേശങ്ങൾക്കും ജീവിത രീതിക്കും കൊടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ എങ്കിൽ എല്ലാ മതങ്ങൾക്കും ഐക്യം കൂടുതലായി ഉണ്ടാകാനുള്ള സാധ്യത ഉള്ളതായി തോന്നുന്നു. ഇന്നു നമ്മുടെ സമൂഹത്തിലെ യുവാക്കൾക്ക് എന്തിനെ ആണ് അനുകരിക്കേണ്ടത് എന്നു തിരിച്ചറിയാൻ സാധിക്കുന്നില്ല. അതിനാൽ അവരിൽ ദിശാ ബോധം വളർത്താൻ യേശുവിന്റെ ഉപദേശങ്ങളിലേക്കും ജീവിത രീതിക്കും സഭകൾ കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു എന്നു എനിക്ക് തോന്നുന്നു. യുവാക്കൾ സത്യം അന്വേഷിക്കാനും അത് കണ്ടെത്താനും ആഗ്രഹിക്കുന്നവരാണ്. വിശ്വാസങ്ങൾ തെളിയിക്കാൻ പറ്റാത്തത് കൊണ്ട് അവർ സഭയുടെ വിശ്വാസങ്ങളെ ത്യജിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ സഭകൾ ഇത് മനസ്സിലാക്കി സ്വയം രൂപാന്തരപ്പെടാൻ തയ്യാറാവുകയാണെങ്കിൽ നമ്മുടെ പള്ളികളിൽ യുവതി യുവാക്കളുടെ എണ്ണം തീർച്ചയായും വർധിക്കും. സഭ ശക്തിപ്പെടും.
susan said…
When we accept that the teachings of Jesus Christ should be given more importance in Christian churches and Sunday Schools, I think it is so already. We read from the Gospels and teach from these in Sunday Schools also. But children should also know why we teach His history, parables and teachings and not those of other saintly individuals. Here it is important to teach the identity of Jesus. What we believe about Him.
The later Church Fathers did not teach anything apart from what the apostles taught. They clarified it for us.
This is my belief.
I have a grandchild in Sunday school so I learn with her.

Dr. Mathew Thomas said…
യേശുവിന്റെ teachings ഉം ജീവിതചര്യകളും ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര സ്ഥാനത്ത് കൊണ്ടു വരണമെന്നുള്ള ബഹു ജോൺ സർ ന്റെ നിലപാട് കാലഘട്ടത്തിന് അനുയോജ്യമായ ഒന്നാണ് എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. യേശുവിനെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ, സഭ പെരുന്നാളുകൾ, ആചാരങ്ങൾ, അനുഷ്‌ടാനങ്ങൾ എന്നിവയ്ക്ക് ആണ് ഇന്ന് പ്രാമുഖ്യം.
കാരണം ആളുകളെ ആകർഷിച്ചു നിർത്താൻ അത് എളുപ്പമാണ്. ശത്രുസ്നേഹം, ക്ഷമ, കരുണ കാണിക്കൽ, വിനയ ഭാവം എന്നീ കാര്യങ്ങൾ ദിനംപ്രതി പ്രവർത്തി പധത്തിൽ കൊണ്ടുവരാൻ പ്രയാസമാണ്. കാരണം അതിന് വേണ്ട തരത്തിൽ പ്രാധാന്യം നൽകി പഠിപ്പിക്കുന്നില്ല. എന്നാൽ അതാണ് ദൈവ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും മനുഷ്യ ജീവിതത്തിൽ അനുവർത്തിക്കേണ്ടതും. നൂറ്റാണ്ടുകളായി ക്രിസ്തു ഇന്നും ജീവിക്കുന്നത് സഭകളിൽ കൂടിയല്ല, പിന്നെയോ തന്നെത്താൻ ത്യജിച്ച് തന്റെ കുരിശ് എടുത്ത് അനുഗമിച്ചവരിൽ കൂടിയാണ്. ബൈബിളും യേശുവിന്റെ പഠിപ്പിക്കലുകളാണ് ലോകത്ത് അനീതിക്കും, അനാചരങ്ങൾക്കും എതിരെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് എന്നത് ചരിത്രപരമായ സത്യമാണ്. അമേരിക്കയിൽ Abraham Lincoln അടിമ കച്ചവടം നിർത്തിച്ചു, ഇന്ത്യയിൽ വന്ന മിഷണറിമാർ വിദ്യാഭ്യാസ, ആതുര ശുശ്രുഷ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകി. ഭാരതത്തിൽ ഹിന്ദു മത നവോഥാനത്തിനു കാരണം കുറിച്ചത് ബൈബിളും, യേശുവിന്റെ teachings നോടുമുള്ള പ്രതികരണം ആയിട്ടാണ്. ക്രിസ്തു പറഞ്ഞു, ഞാൻ ലോകത്തിന്റെ വെളിച്ചമാണ്. നാമും ലോകത്തിന്റെ വെളിച്ചങ്ങൾ ആണ്. നമ്മിലേ വെളിച്ചം കെടാതെ സൂക്ഷിക്കണം. പരലോകത്തെ മാത്രം കാംക്ഷിച്ച് ജീവിക്കാതെ, സാമൂഹിക വിഷയങ്ങളിൽ ഒരു വിശ്വാസി ഇടപെടുകയും അനീതി കണ്ടാൽ ശബ്ദം ഉയർത്തുകയും ചെയ്യണം. ഇത് ക്രൈസ്തവ ധർമ്മം ആണ്. ക്രിസ്തു ആയിരിക്കണം നമ്മുടെ മാതൃക. ഗാന്ധിജി പറയുന്നത് നമ്മുടെ ജീവിതം റോസാപൂവിന്റെ പോലെയാകാനാണ് ( gospel of rose) അതിന്റെ നറുമണം അനേകർക്കു അനുഭവിക്കാൻ കഴിയും. അത് സംസാരിക്കുന്നില്ല. യേശുവിന്റെ പഠിപ്പിക്കലുകൾ റോസാപൂവിനേക്കാൾ ലളിതവും നറുമണം പരത്തുന്നതുമാണ്. അത് നമ്മിലൂടെ നാരുമണം പരത്തണം.

യേശുവിന്റെ പഠിപ്പിക്കലുകൾ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനോ മതത്തിനോ മാത്രം അവകാശപ്പെട്ടതല്ല. ഇവ സർവ്വമാനവർക്കും ബാധകമായ സാർവത്രിക മൂല്യങ്ങളാണ് (Universal Values). ഈ പഠിപ്പിക്കലുകൾ ക്രിസ്തു മതത്തിന്റെ കേന്ദ്രം ആകുമ്പോൾ ക്രിസ്തുവിശ്വാസത്തെ മറ്റ് മതങ്ങളുമായും സംസ്കാരങ്ങളുമായും കൂടുതൽ അർത്ഥവത്തായ സംവാദത്തിലേക്കും (Interfaith Dialogue) പരസ്പര ബഹുമാനത്തിലേക്കും നയിക്കുമെന്നു സംശയം വേണ്ട.

മതത്തിന്റെ അവിഭാജ്യ ഭാഗം തന്നെയാണ് dogmas, creed, practices തുടങ്ങിയവ. ഇവയെ നിഷേധിക്കാതെ തന്നെ, യേശുവിന്റെ വാക്കും പ്രവൃത്തിയും ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന പ്രധാന മാറ്റം. ഇത് സഭയ്ക്ക് സമൂഹത്തിൽ കൂടുതൽ ജനകീയതയും വിശ്വസനീയതയും നൽകും.
susan said…
ഞാൻ യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയോട് യോജിക്കുന്നു. എന്നാൽ, ഈ മേഖലയിൽ നമുക്ക് യഥാർത്ഥത്തിൽ കുറവുള്ളത് ആ ഉപദേശങ്ങൾ നമ്മുടെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലാണെന്ന് എനിക്ക് തോന്നുന്നു. സഭയുടെ മുകളിൽ നിന്ന് താഴേയ്ക്ക് വരെ—എന്നെയും ഉൾപ്പെടെ—നാം പ്രസംഗിക്കുന്നു, പക്ഷേ അതനുസരിച്ച് ജീവിക്കുന്നില്ല. അതാണ് സഭയുടെ ഭാവിയെ അപകടത്തിലാക്കുന്നത്. നമുക്ക് ഉറച്ച ബോധ്യമില്ല; നമുക്ക് വിശ്വാസത്തിന്റെ ആഴം കുറവാണ്. നാം പ്രസംഗിക്കുന്നു, പക്ഷേ അതനുസരിച്ച് ജീവിക്കുന്നില്ല. എന്നെയും അതിൽ ഉൾപ്പെടുത്തുന്നു.
How can we teach that which we do not practise? Where is authenticity in such action?
Renewal of our minds, our own conversion as it was meant to be will bring life and zeal into the church.
I blame myself too
G. Johnson said…
“*തുടർ പഠനത്തിന് :*
*യേശു പഠിപ്പിച്ച മഹത്തായ ദൈവദർശനം ഉണ്ടായിട്ടും, യേശുവിനെ കുറിച്ചുള്ള ചില വിശ്വാസങ്ങളുടെ മേലാണ് ക്രിസ്തുമതം ഉയർന്നു വന്നത്. എന്തായിരിക്കും അതിന് കാരണം?*”

യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കും ഉപദേശങ്ങൾക്കും ഉപരിയായി, അവിടുത്തെ വ്യക്തിത്വത്തെയും ജീവിതസംഭവങ്ങളെയും കേന്ദ്രീകരിച്ചുള്ള വിശ്വാസങ്ങളിലാണ് ക്രിസ്തുമതവും സഭകളും പ്രധാനമായും രൂപപ്പെട്ടത്. ചരിത്രപരമായും ദൈവശാസ്ത്ര പരമായും ഇതിനുള്ള പ്രധാന കാരണം യേശുവിന്റെ പുനരുത്ഥാനമാണ്. യേശുവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയ അനുയായികൾക്ക്, യേശു ഉയിർത്തെഴുന്നേറ്റു എന്ന അനുഭവം വലിയൊരു വീണ്ടെടുപ്പും ദൈവീക സ്ഥിരീകരണവുമായിരുന്നു. "ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്.” (1 കൊരി.‬ ‭15‬:‭14‬)‭ എന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു.
മിക്ക മതസ്ഥാപകരും ദൈവത്തിന്റെ സന്ദേശം കൊണ്ടു വന്നവർ മാത്രമായിരുന്നു. എന്നാൽ യേശുവിനെ "ദൈവപുത്രൻ", "ലോകരക്ഷകൻ", "മനുഷ്യനായ ദൈവവചനം" എന്നിങ്ങനെയാണ് വിശേഷിപ്പിക്കപ്പെട്ടത്. അതായത്, യേശു പറഞ്ഞ കാര്യങ്ങളെക്കാൾ, യേശു ആരായിരുന്നു എന്നതിനാണ് അനുയായികൾ കൂടുതൽ പ്രാധാന്യം നൽകിയത്.
യേശുവിന്റെ കുരിശുമരണം മനുഷ്യരാശിയുടെ പാപങ്ങൾക്ക് വേണ്ടിയുള്ള സ്വയം സമർപ്പണവും പ്രായശ്ചിത്തവുമായിരുന്നു എന്നു വിശ്വസിച്ചു. യേശുവിന്റെ ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രബോധനങ്ങളെക്കാൾ, മനുഷ്യന് രക്ഷയും പാപമോചനവും നൽകിയ ഈ ചരിത്രസംഭവം കൂടുതൽ പ്രാധാന്യം കൈവരിച്ചു.
യഹൂദർ അല്ലാത്തവരിലേക്ക് സുവിശേഷം എത്തിക്കാൻ യേശുവിന്റെ ദൈവത്വത്തിലുള്ള വിശ്വാസം പ്രചരിപ്പിക്കുന്നത് എളുപ്പമാക്കി.
നാലാം നൂറ്റാണ്ടോടെ ക്രിസ്തുമതം ശക്തി പ്രാപിച്ചപ്പോൾ, യേശു ദൈവമാണോ മനുഷ്യനാണോ എന്ന ചോദ്യങ്ങളെച്ചൊല്ലി തർക്കങ്ങൾ ഉയർന്നുവന്നു. ഈതർക്കങ്ങൾ പരിഹരിക്കാൻ ചേർന്ന സുന്നഹദോസുകൾ ക്രിസ്തുവിന്റെ ദൈവത്വത്തെ സ്ഥിരീകരിക്കുന്ന വിശ്വാസപ്രമാണങ്ങൾ രൂപപ്പെടുത്തി. യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതും കാരണമായി.
യേശുവിന്റെ ഉപദേശങ്ങൾ യഥാർത്ഥ ജീവിത ക്രമത്തെ കാണിച്ചുതന്നു, എന്നാൽ അവിടുത്തെ ജീവിതവും മരണവും ഉത്ഥാനവും മനുഷ്യന്റെ ആത്യന്തിക രക്ഷയ്ക്ക് അടിസ്ഥാനം നല്കുന്നു എന്ന് വിശ്വസിക്കപ്പെട്ടു. ഈ ഘടകം ക്രിസ്തുമതത്തെ ഒരു പ്രത്യേക ഘടനയുള്ള ആഗോള മതമാക്കി വളർത്തുകയും ചെയ്തു.
Anonymous said…
Dear Sir John Kunnath,
Permit me to make a few comments in relation to your article in English as typing in malayalam takes a good bit of time. I agree with you that belief in Christ has been distorted and adjusted in tune with the needs of the individuals and the community. Gradually we made Christ a king to suit our aspirations and needs although he disowned worldly power and glory. Christ did not even establish a Church or even Christianity. He came into the world just to reveal the unconditional love of God for Humanity especially for the poor and downtrodden. Hence, what I feel is that churches have continuously betrayed Christ. In the modern times if church has to become authentic a lot paraphernalia, clericalism and ritualism have to be given up. Otherwise it will become unwanted because the people have become much more enlightened. We can only hope for a prophetic and renewed Church which will be able to accommodate all religions and ideologies. Let this hope sustain us.
Thanks
Varghese Manimala
Tincy Mary John said…
യേശുവിന്റെ ജീവിതദർശനത്തെ സഭയുടെ പഠനത്തിന്റെയും പ്രവർത്തനത്തിന്റെയും കേന്ദ്രമാക്കണമെന്ന ആശയം വളരെ പ്രസക്തവും കാലികവുമാണ്. യേശു തന്റെ ജീവിതത്തിലൂടെ സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും വിനയത്തിന്റെയും സമാധാനത്തിന്റെയും മാതൃകയാണ് ലോകത്തിന് നൽകിയത്. പ്രത്യേകിച്ച് ശത്രുക്കളെപ്പോലും സ്നേഹിക്കാനും തെറ്റ് ചെയ്തവരോട് ക്ഷമിക്കാനും പാവപ്പെട്ടവരോടും ദുരിതമനുഭവിക്കുന്നവരോടും കരുണ കാണിക്കാനും യേശു പഠിപ്പിച്ചു.

യേശു പ്രസംഗിച്ച ദൈവരാജ്യം ഒരു ഭൗതിക രാജ്യമല്ല; മറിച്ച് സ്നേഹവും നീതിയും സമാധാനവും മനുഷ്യബന്ധങ്ങളിൽ യാഥാർഥ്യമാകുന്ന അവസ്ഥയാണ്. അതുകൊണ്ട് ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പ്രാവർത്തികമാക്കുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ്.

ഇന്നത്തെ ലോകത്ത് മതത്തിന്റെ പേരിൽ പോലും വിഭജനങ്ങളും വിദ്വേഷങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ യേശുവിന്റെ സ്നേഹത്തിന്റെയും ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്. സഭയുടെ പഠനങ്ങളിലും പ്രസംഗങ്ങളിലും സിദ്ധാന്തങ്ങൾക്കൊപ്പം യേശുവിന്റെ ജീവിതവും ഉപദേശങ്ങളും കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടതുണ്ട്.

എന്റെ അഭിപ്രായത്തിൽ, യേശുവിനെക്കുറിച്ച് വിശ്വസിക്കുന്നതിൽ മാത്രം ഒതുങ്ങാതെ യേശുവിനെപ്പോലെ ജീവിക്കുക, യേശു പഠിപ്പിച്ചതുപോലെ സ്നേഹിക്കുക, ദുർബലരോടൊപ്പം നിൽക്കുക, നീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതായിരിക്കണം ക്രിസ്തീയ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം. അങ്ങനെ യേശുവിന്റെ ജീവിതമാതൃക സഭയും വിശ്വാസികളും ജീവിതത്തിൽ പകർത്തുമ്പോഴാണ് ക്രിസ്തീയ സുവിശേഷത്തിന് ഇന്നത്തെ സമൂഹത്തിൽ കൂടുതൽ വിശ്വാസ്യതയും പ്രസക്തിയും ലഭിക്കുക.

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും