യേശുവിന്റെ ജീവിതദർശനം
ക്രിസ്തുമതത്തിന്റെ അടിത്തറ യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളിലോ, യേശുവിന്റെ പഠിപ്പിക്കലുകളിലോ?
ക്രിസ്തുമതത്തിന്റെ അടിത്തറ യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലല്ല, യേശുവിന്റെ പഠിപ്പിക്കലുകളുടെ മേലായിരിക്കണം എന്ന് പറയുമ്പോൾ പലരും അത്ഭുതപ്പെടാറുണ്ട്. അവരുടെ ധാരണയിൽ യേശു പഠിപ്പിച്ചത് ഏതാനും ധാർമിക ഉപദേശങ്ങൾ മാത്രമാണ്—സ്നേഹിക്കണം, ക്ഷമിക്കണം, വിധിക്കരുത്, ദരിദ്രരെ സഹായിക്കണം തുടങ്ങിയവ. എന്നാൽ യേശുവിന്റെ ജീവിതദർശനം ഇതിലും എത്രയോ വിശാലമാണ്.
യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങൾ എല്ലാവർക്കും പരിചിതമാണ്. യേശു മിശിഹായാണ്, ദൈവപുത്രനാണ്, ഉയിർത്തെഴുന്നേറ്റു, വീണ്ടും വരും എന്നിങ്ങനെ. എന്നാൽ യേശു എന്താണ് പഠിപ്പിച്ചത്? എന്ന ചോദ്യം ചോദിച്ചാൽ വ്യക്തമായ ഉത്തരം പറയാൻ കഴിയുന്നവർ കുറവാണ്.
സുവിശേഷങ്ങൾ വായിച്ചാൽ യേശു മനുഷ്യജീവിതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും ഒരു സമഗ്രമായ ജീവിതദർശനമാണ് അവതരിപ്പിച്ചതെന്ന് കാണാം.
ദൈവം
യേശുവിന്റെ പഠിപ്പിക്കലുകളുടെ കേന്ദ്രത്തിൽ ദൈവമാണ്. ദൈവം ഭയപ്പെടുത്തുന്ന ഭരണാധികാരിയല്ല; സ്നേഹനിധിയായ പിതാവാണ്. അവൻ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു. നല്ലവരുടെയും ദുഷ്ടരുടെയും മേൽ അവൻ സൂര്യനെ ഉദിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നു. നഷ്ടപ്പെട്ടവരെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന ദൈവത്തെയാണ് യേശു വെളിപ്പെടുത്തിയത്.
മനുഷ്യൻ
ഓരോ മനുഷ്യനും ദൈവത്തിന്റെ മകനോ മകളോ ആണ്. ഓരോ മനുഷ്യജീവിതത്തിനും അനന്തമായ മൂല്യമുണ്ട്. മനുഷ്യൻ തെറ്റിപ്പോയാലും ദൈവം അവനെ കൈവിടുന്നില്ല. കാണാതായ ആട്, കാണാതായ നാണയം, ധൂർത്തപുത്രൻ എന്നീ ഉപമകൾ ഇതാണ് പഠിപ്പിക്കുന്നത്.
ദൈവവും മനുഷ്യനും
മതം ആചാരങ്ങളുടെ സമാഹാരമല്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ജീവനുള്ള ബന്ധമാണ് യേശുവിന്റെ സന്ദേശത്തിന്റെ കേന്ദ്രം. മനുഷ്യൻ ദൈവത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും അവന്റെ ഇഷ്ടപ്രകാരം ജീവിക്കുകയും ചെയ്യുമ്പോൾ ആ ബന്ധം യാഥാർത്ഥ്യമാകുന്നു.
ദൈവരാജ്യം
യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ദൈവരാജ്യത്തെക്കുറിച്ചായിരുന്നു. എന്നാൽ ഇന്ന് പലരും അതിനെ ഭാവിയിൽ ഒരിക്കൽ വരാനിരിക്കുന്ന ഒരു രാജ്യമായി മാത്രം മനസ്സിലാക്കുന്നു.
യേശു പ്രഖ്യാപിച്ചത്, "ദൈവരാജ്യം സമീപിച്ചിരിക്കുന്നു" എന്നല്ല; മറിച്ച് ദൈവരാജ്യം സമീപത്തുണ്ട്, നിങ്ങളുടെ ഇടയിൽ സന്നിഹിതമാണ് എന്നതാണ്. ദൈവരാജ്യം ഒരു ഭാവികാല പ്രതീക്ഷ മാത്രമല്ല; ഇപ്പോഴുള്ള യാഥാർത്ഥ്യമാണ്.
ലോകം ദൈവത്തിന്റെ സൃഷ്ടിയാണ്. ദൈവം അതിന്റെ രാജാവുമാണ്. അതിനാൽ ഒരു അർത്ഥത്തിൽ ലോകം ദൈവത്തിന്റെ രാജ്യമാണ്. എന്നാൽ മനുഷ്യന് മനസ്സുകൊണ്ട് ആ രാജ്യത്തിന്റെ ഉള്ളിലോ പുറത്തോ ജീവിക്കാൻ കഴിയും. ദൈവത്തിന്റെ ഭരണത്തെ അംഗീകരിക്കുന്നവൻ ദൈവരാജ്യത്തിനുള്ളിലാണ്; അത് നിരസിക്കുന്നവൻ അതിന് പുറത്താണ്.
അതുകൊണ്ടാണ് യേശുവിന്റെ ആദ്യ ആഹ്വാനം: "മനസ്സു മാറുവിൻ." ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറാനല്ല ഈ ആഹ്വാനം. ദൈവത്തിന്റെ ഭരണത്തെ അംഗീകരിച്ച് അതിനുള്ളിലേക്ക് പ്രവേശിക്കാനാണ്.
"നിന്റെ രാജ്യം വരണമേ"
കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിൽ യേശു പറയുന്നു:
"നിന്റെ രാജ്യം വരണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ."
ഈ രണ്ട് വാക്യങ്ങളും ഒരേ സത്യത്തിന്റെ രണ്ട് രൂപങ്ങളാണ്. ദൈവരാജ്യം വരുന്നു എന്നതിന്റെ അർത്ഥം ദൈവഹിതം ഭൂമിയിൽ നടക്കുന്നു എന്നതാണ്.
സ്വർഗ്ഗത്തിൽ ദൈവഹിതം പൂർണമായി നടക്കുന്നു. ഭൂമിയിൽ അത് നടക്കണമെങ്കിൽ മനുഷ്യർ സ്വമേധയാ ദൈവഹിതം സ്വീകരിക്കണം. ദൈവം തന്റെ ഇഷ്ടം ബലമായി മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കുന്നില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അവൻ മാനിക്കുന്നു.
അതിനാൽ "നിന്റെ രാജ്യം വരണമേ" എന്നത് വാക്കുകൾകൊണ്ടുള്ള ഒരു പ്രാർത്ഥന മാത്രമല്ല; ദൈവഹിതം ഭൂമിയിൽ യാഥാർത്ഥ്യമാകണമെന്ന മനുഷ്യന്റെ ആഗ്രഹവും പ്രതിബദ്ധതയുമാണ്. ആ പ്രാർത്ഥന ചൊല്ലുന്നവൻ തന്നെ ദൈവരാജ്യത്തിന്റെ വരവിനായി പ്രവർത്തിക്കേണ്ടവനാണ്.
യഥാർത്ഥ നീതി
നിയമങ്ങൾ പാലിക്കുന്നത് മാത്രം നീതിയല്ല. മനുഷ്യന്റെ ഹൃദയം മാറണം. കൊലപാതകത്തിന് മുമ്പ് കോപമുണ്ട്; വ്യഭിചാരത്തിന് മുമ്പ് മോഹമുണ്ട്. അതുകൊണ്ട് യേശു പുറമേയുള്ള പ്രവൃത്തികളേക്കാൾ ഉള്ളിലെ മനുഷ്യനെ മാറ്റുവാനാണ് ശ്രമിച്ചത്.
യഥാർത്ഥ മഹത്വം
ലോകം അധികാരത്തിലും സമ്പത്തിലും മഹത്വം കാണുന്നു. യേശു സേവനത്തിലാണ് മഹത്വം കണ്ടത്. ഏറ്റവും വലിയവൻ എല്ലാവരുടെയും ദാസനാകണം എന്ന് അവൻ പഠിപ്പിച്ചു.
സ്നേഹത്തിന്റെ പുതിയ അളവ്
സുഹൃത്തുക്കളെ സ്നേഹിക്കുക എന്നത് സാധാരണ മനുഷ്യരും ചെയ്യുന്നു. എന്നാൽ യേശു ശത്രുക്കളെ സ്നേഹിക്കാനും ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനും പഠിപ്പിച്ചു. പ്രതികാരത്തിനുപകരം ക്ഷമയാണ് അവന്റെ വഴി.
ശിഷ്യത്വം
യേശുവിന്റെ ലക്ഷ്യം ഒരു പുതിയ മതം സ്ഥാപിക്കുകയായിരുന്നില്ല; ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു. അതുകൊണ്ട് അവൻ ആളുകളെ വിശ്വാസികളാകാനല്ല, ശിഷ്യന്മാരാകാനാണ് വിളിച്ചത്. അവന്റെ ജീവിതദർശനം സ്വീകരിച്ച് അതനുസരിച്ച് ജീവിക്കുന്നവരാണ് യഥാർത്ഥ ശിഷ്യന്മാർ.
ഉപസംഹാരം
യേശുവിന്റെ പഠിപ്പിക്കലുകൾ ഏതാനും ധാർമിക ഉപദേശങ്ങളുടെ സമാഹാരമല്ല. അവ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ഉള്ള സമഗ്രമായ ഒരു ജീവിതദർശനമാണ്.
ക്രിസ്തുമതം യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളിൽ മാത്രം ഒതുങ്ങുമ്പോൾ അത് സിദ്ധാന്തങ്ങളുടെ ഒരു മതമായി മാറാനുള്ള സാധ്യതയുണ്ട്. എന്നാൽ യേശുവിന്റെ ജീവിതദർശനത്തെ കേന്ദ്രമാക്കുമ്പോൾ അത് മനുഷ്യനെയും സമൂഹത്തെയും രൂപാന്തരപ്പെടുത്തുന്ന ഒരു ജീവിതമാർഗ്ഗമാകുന്നു.
അതിനാൽ നാം ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം "യേശുവിനെക്കുറിച്ച് ഞാൻ എന്താണ് വിശ്വസിക്കുന്നത്?" എന്നതുമാത്രമല്ല; "യേശു എന്താണ് പഠിപ്പിച്ചത്, ഞാൻ അതനുസരിച്ച് ജീവിക്കുന്നുണ്ടോ?" എന്നതുമാണ്.
Comments
ആചാരാനുഷ്ഠാനങ്ങളിലോ പരമ്പരാഗത സിദ്ധാന്തങ്ങളിലോ വിശ്വാസ പ്രമാണങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്ന മത ചിന്തകളെ ലളിതമായി ചോദ്യം ചെയ്യാൻ ഈ ലേഖനത്തിന് കഴിയും.
യേശുവിന്റെ സന്ദേശം വെറുമൊരു മതസ്ഥാപനമല്ല, മറിച്ച് ഒരു "ജീവിത ദർശനം" ആയിരുന്നു എന്ന് ലേഖനം വ്യക്തമാക്കുന്നു.
ആധുനിക ക്രിസ്തീയ സമൂഹം ഉൾക്കൊള്ളേണ്ട പരമപ്രധാനമായ ആശയമാണ്, “ദൈവരാജ്യം ഒരു ഭാവികാല പ്രതീക്ഷ മാത്രമല്ല; ഇപ്പോഴുള്ള യാഥാർത്ഥ്യമാണ്” എന്നത്.
"നിന്റെ രാജ്യം വരേണമേ" പ്രാർത്ഥനകൾ വെറും വാക്കുകളല്ല, മറിച്ച് ഭൂമിയിൽ ദൈവഹിതം നിറവേറ്റാനുള്ള മനുഷ്യന്റെ സ്വയം സമർപ്പണവും ഉത്തരവാദിത്തവും ആണെന്ന ആശയം എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്.
"വിശ്വാസികളാകുക" എന്നതിലുപരി, അവന്റെ വഴിയിൽ നടക്കുന്ന "ശിഷ്യരാകുക" എന്നതിന് യേശു വിളിച്ച വ്യത്യാസം ലേഖനത്തിനു ജീവൻ നൽകുന്നു.
“അവന്റെ ജീവിതദർശനം സ്വീകരിച്ച് അതനുസരിച്ച് ജീവിക്കുന്നവരാണ് യഥാർത്ഥ ശിഷ്യന്മാർ” എന്ന വരികൾ.
“യേശുവിന്റെ പഠിപ്പിക്കലുകൾ ഏതാനും ധാർമിക ഉപദേശങ്ങളുടെ സമാഹാരമല്ല. അവ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ഉള്ള സമഗ്രമായ ഒരു ജീവിതദർശനമാണ്.” എന്ന കണ്ടെത്തൽ ലേഖനത്തിന് ചിന്തയുടെ ആഴം വർദ്ധിപ്പിക്കുന്നു.
ഇത് ഒരോ വ്യക്തിയുടെയും ആത്മ പരിശോധനയ്ക്ക് ഉതകുന്ന ഒരു ഉത്തമ ലേഖനം ആണ്.
പ്രീയപ്പെട്ട ജോൺ സാർ,
ഞാൻ ഒരു സത്യം പറയട്ടെ. ചിത്രത്തിൽ കാണുന്ന രണ്ടാമത്തെ കെട്ടിടം പോലെയായിരുന്നു എന്റെ ജീവിതവും ഏകദേശം മധ്യവയസ്സ് വരെ.
യേശുവിന്റെ ജനനപ്പെരുന്നാൾ വിഭവസമൃദ്ധമായ ഭക്ഷണത്തോടെയും ആഘോഷങ്ങളോടെയും കൊണ്ടാടുമായിരുന്നു. യേശുവിന്റെ ദൈവത്വത്തെക്കുറിച്ച് ഒരു പരിമിതമായ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സന്ധ്യകളിലും കുടുംബപ്രാർത്ഥന, ഭക്തിഗാനം, വേദപാരായണം എന്നിവ പതിവായിരുന്നു. യേശുവിന്റെ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും പള്ളിയിലെ ആരാധനകളിലൂടെയും ചടങ്ങുകളിലൂടെയും ആചരിച്ചിരുന്നു. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിൽ പങ്കെടുത്ത് യേശുവിന്റെ പീഡാനുഭവങ്ങൾ കേൾക്കുമ്പോൾ ഹൃദയം വേദനിക്കുമായിരുന്നു. കൈപ്പുനീരും കഞ്ഞിയും കഴിച്ച് ഭക്തിപൂർവം മടങ്ങിപ്പോരും.
ഉയിർത്തെഴുന്നേൽപ്പുതിരുന്നാളിൽ എല്ലാ വർഷവും പന്ത്രണ്ട് പൈതങ്ങളുടെ നേർച്ച വലിയ വിശുദ്ധിയോടെയും ഭക്തിയോടെയും നടത്തുമായിരുന്നു. നോമ്പുവീടലും വിഭവസമൃദ്ധമായ സദ്യയും ആ ആഘോഷത്തിന്റെ ഭാഗമായിരുന്നു. എന്നാൽ യേശുവിന്റെ പഠിപ്പിക്കലുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവജീവിതമെന്ന തിരിച്ചറിവ് അന്നുണ്ടായിരുന്നില്ല. യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചും വ്യക്തമായ ബോധ്യമില്ലായിരുന്നു.
ഇന്ന് ഇതെല്ലാം ഓർക്കുമ്പോൾ എനിക്ക് സ്വയം ലജ്ജ തോന്നുന്നു. ആത്മീയസത്യങ്ങൾ തിരിച്ചറിയാതെ, ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ജീവിച്ച ഒരു ഭക്തയായ സ്ത്രീയായിരുന്നു ഞാൻ.
എന്നാൽ, "നിൻ്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടത അനുഭവിച്ചത് എനിക്ക് ഗുണമായി" (സങ്കീർത്തനം 119:71) എന്ന വചനം ഒരിക്കൽ വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. ആ വചനത്തിലൂടെ ദൈവം എന്റെ കണ്ണുകൾ തുറന്നു. പതിയെ പതിയെ തിരുവെഴുത്തുകൾ മനസ്സിലാക്കാൻ തുടങ്ങി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
എന്റെ ജീവിതമാകുന്ന കെട്ടിടത്തിന്റെ പഴയ അടിത്തറ പൊളിച്ചുമാറ്റി, യേശുവിന്റെ പഠിപ്പിക്കലുകൾ എന്ന ഉറച്ച പാറമേൽ പുതിയ അടിത്തറ പാകാൻ ദൈവം എന്നെ നയിച്ചു. മത്തായി 7:25-ൽ യേശു പറഞ്ഞതുപോലെ, പാറമേൽ പണിത വീട്ടിന്റെ ഉറപ്പാണ് യഥാർത്ഥ ക്രൈസ്തവജീവിതത്തിന്റെ അടയാളമെന്ന് ഞാൻ മനസ്സിലാക്കി. മുമ്പ് യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ; എന്നാൽ ഇന്ന് യേശുവിന്റെ പഠിപ്പിക്കലുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
ഈ സത്യസുവിശേഷം ലളിതമായും വ്യക്തമായും അനേകർക്ക് പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ജോൺ സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആരോഗ്യവും ദീർഘായുസ്സും നൽകി ഇനിയും അനേകർക്ക് വെളിച്ചമാകാൻ ദൈവം സാറിനെ ഉപയോഗിക്കട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.