നമുക്ക് വായന അർത്ഥവത്താക്കാം; ആഴമുള്ളതാക്കാം
വായന എന്നത് അക്ഷരങ്ങൾ വായിച്ചുതീർക്കലല്ല; ഒരു മനസ്സിൽ നിന്ന് മറ്റൊരു മനസ്സിലേക്കുള്ള യാത്രയാണ്. ഒരു പുസ്തകം വായിക്കുമ്പോൾ നാം വാക്കുകൾ മാത്രമല്ല, ആ വാക്കുകൾക്ക് പിന്നിലുള്ള മനുഷ്യനെയും സമൂഹത്തെയും കാലഘട്ടത്തെയും ജീവിതവീക്ഷണത്തെയും വായിക്കുകയാണ് ചെയ്യേണ്ടത്.
ഒരു നോവൽ വായിക്കുമ്പോൾ അതിന്റെ കഥ മാത്രം മനസ്സിലാക്കുന്നുവെങ്കിൽ അത് ഉപരിപ്ലവമായ വായനയാണ്. എന്നാൽ ആ കഥയിലൂടെ എഴുത്തുകാരന്റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ നമുക്ക് കഴിയുന്നുവെങ്കിൽ ആ വായന അർത്ഥവത്തും ആഴമുള്ളതുമാകുന്നു. ഒരു കഥ എങ്ങനെ രൂപപ്പെട്ടു? എന്തുകൊണ്ടാണ് എഴുത്തുകാരൻ ഇങ്ങനെ ചിന്തിച്ചത്? എന്താണ് അദ്ദേഹം വായനക്കാരനോട് പങ്കുവെക്കാൻ ആഗ്രഹിച്ചത്? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ആഴത്തിലുള്ള വായനയിലേക്ക് നമ്മെ നയിക്കുന്നത്.
ഒരു അന്യനാട്ടിൽ നിന്നുള്ള കൃതി വായിക്കുമ്പോൾ, എഴുത്തുകാരന്റെ മനസ്സ് മാത്രമല്ല, ആ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളും അതിലെ മനുഷ്യരുടെ ജീവിതരീതിയും ജീവിതവീക്ഷണവും നമുക്ക് കാണാൻ കഴിയണം. അപ്പോൾ ഒരു പുസ്തകം ഒരു പുതിയ രാജ്യത്തിലേക്കുള്ള ജനാലയായി മാറുന്നു.
അതുപോലെ മറ്റൊരു കാലഘട്ടത്തിൽ എഴുതപ്പെട്ട കൃതി വായിക്കുമ്പോൾ, നാം ഭൂതകാലത്തിലേക്കുള്ള ഒരു യാത്ര നടത്തുകയാണ്. അന്നത്തെ മനുഷ്യർ എന്താണ് വിശ്വസിച്ചിരുന്നത്? അവരുടെ സന്തോഷങ്ങളും ഭയങ്ങളും പ്രതീക്ഷകളും എന്തൊക്കെയായിരുന്നു? അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ മൂല്യങ്ങൾ എന്തായിരുന്നു? എഴുത്തുകാരന്റെ മനസ്സിലൂടെ ആ കാലഘട്ടത്തിന്റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ നമുക്ക് സാധിക്കണം.
തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി വായിക്കുമ്പോൾ അതിലെ കഥ മാത്രം വായിച്ചുപോകുന്നത് മതിയാകില്ല. ആ കൃതിയിലൂടെ തകഴിയുടെ മനസ്സിന്റെ ആഴങ്ങളിലേക്കും അദ്ദേഹം ജീവിച്ച കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക യാഥാർഥ്യങ്ങളിലേക്കും നമുക്ക് കടന്നുചെല്ലണം. അപ്പോഴാണ് ആ കൃതി യഥാർഥത്തിൽ നമ്മുടെ അനുഭവമാകുന്നത്.
Pearl S. Buck-ന്റെ The Good Earth വായിക്കുമ്പോൾ ചൈനയിലെ കർഷകജീവിതവും കുടുംബബന്ധങ്ങളും ജീവിതസമരങ്ങളും ആ സമൂഹത്തിന്റെ മൂല്യങ്ങളും നമുക്ക് അനുഭവിക്കാൻ കഴിയണം. അതിലൂടെ ഒരു രാജ്യത്തിന്റെ ആത്മാവിനെ സ്പർശിക്കാൻ നമുക്ക് സാധിക്കും.
അതുപോലെ Victor Hugo-യുടെ പാവങ്ങൾ (Les Misérables), Dostoevsky-യുടെ കരമസോവ് സഹോദരന്മാർ (The Brothers Karamazov), Shakespeare-ന്റെ King Lear തുടങ്ങിയ മഹാകൃതികൾ വായിക്കുമ്പോൾ അവയിലെ കഥാപാത്രങ്ങൾ മാത്രമല്ല, അവ രൂപപ്പെട്ട സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മനുഷ്യചിന്തയുടെയും ആഴങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം.
ഇത്തരം കൃതികളെയാണ് സാധാരണയായി Classics എന്നു വിളിക്കുന്നത്. അവ പഴയ സാഹിത്യകൃതികൾ മാത്രമല്ല; മനുഷ്യരാശിയുടെ അനുഭവങ്ങളും ചിന്തകളും സംരക്ഷിച്ചിരിക്കുന്ന അക്ഷയഖനികളാണ്. എഴുത്തും വായനയും അപൂർവമായിരുന്ന കാലഘട്ടങ്ങളിൽ രചിക്കപ്പെട്ട ഈ കൃതികൾ ഇന്നും നമ്മുടെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് വലിയ ഭാഗ്യമാണ്. അവയിലൂടെ നമ്മുടെ പൂർവികരുടെ ജീവിതവും ചിന്തയും വിശ്വാസങ്ങളും മൂല്യങ്ങളും അറിയാൻ നമുക്ക് സാധിക്കുന്നു.
മഹാഭാരതവും രാമായണവും വായിക്കുമ്പോൾ പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും സീതയുടെയും രാമന്റെയും കഥകൾ മാത്രം വായിച്ചാൽ പോരാ. ആ കൃതികൾ രൂപപ്പെട്ട കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതവീക്ഷണവും ധാർമ്മികബോധവും കുടുംബബന്ധങ്ങളും രാഷ്ട്രീയവും സാമൂഹികഘടനയും മനസ്സിലാക്കാൻ ശ്രമിക്കണം.
ബൈബിൾ വായിക്കുമ്പോൾ ആദാമിന്റെയും ഹവ്വയുടെയും, അബ്രാഹാമിന്റെയും, ദാവീദിന്റെയും, യേശുവിന്റെയും കഥകൾ മാത്രം വായിക്കുന്നതും മതിയാകില്ല. ആ ഗ്രന്ഥങ്ങൾ എഴുതപ്പെട്ട കാലങ്ങളിലെ മനുഷ്യരുടെ മനസ്സ്, അവരുടെ പ്രതീക്ഷകൾ, ഭയങ്ങൾ, വിശ്വാസങ്ങൾ, ദൈവാനുഭവങ്ങൾ, ജീവിതസാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കാൻ നമുക്ക് കഴിയണം. അപ്പോഴാണ് ബൈബിൾ വെറും കഥാപുസ്തകമല്ല, മനുഷ്യന്റെയും ദൈവത്തിന്റെയും ബന്ധത്തിന്റെ ചരിത്രസാക്ഷ്യമായി മാറുന്നത്.
അതുപോലെ ഖുർആൻ വായിക്കുമ്പോഴും അതിലെ വചനങ്ങൾ മാത്രം വായിക്കുന്നതല്ല പ്രധാനം. അത് അവതരിക്കപ്പെട്ട കാലത്തെ അറേബ്യൻ സമൂഹത്തിന്റെ ജീവിതവും സംസ്കാരവും മനുഷ്യരുടെ ആത്മീയാന്വേഷണവും സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കാൻ ശ്രമിക്കണം.
ആഴത്തിലുള്ള വായനയുടെ ലക്ഷ്യം വിവരശേഖരണമല്ല; മനുഷ്യനെ മനസ്സിലാക്കലാണ്. ഒരു പുസ്തകത്തിന്റെ ഏറ്റവും വലിയ മൂല്യം അതിലെ കഥയിലല്ല; അതിലൂടെ നമുക്ക് കാണാൻ കഴിയുന്ന മനുഷ്യന്റെ മനസ്സിലാണ്. ഓരോ മഹത്തായ കൃതിയും ഒരു വ്യക്തിയുടെ മനസ്സിലേക്ക് മാത്രമല്ല, ഒരു സമൂഹത്തിലേക്കും ഒരു സംസ്കാരത്തിലേക്കും ഒരു കാലഘട്ടത്തിലേക്കും മനുഷ്യരാശിയുടെ പൊതുവായ അനുഭവങ്ങളിലേക്കും തുറക്കുന്ന വാതിലാണ്.
അതുകൊണ്ട് നമുക്ക് വായനയെ വെറും കഥ വായനയായി ചുരുക്കാതെ, മനസ്സുകളെ വായിക്കുന്ന ഒരു യാത്രയാക്കി മാറ്റാം. അപ്പോൾ ഓരോ പുസ്തകവും ഒരു പുതിയ ലോകമാകും; ഓരോ എഴുത്തുകാരനും ഒരു പുതിയ ഗുരുവാകും; ഓരോ വായനയും നമ്മെ കൂടുതൽ വിശാലമായ മനുഷ്യരാക്കി മാറ്റും.
Comments