യേശുവിന്റെ മഹാസമ്മേളനം
(അൻപതാം സങ്കീർത്തനത്തിന്റെ ഭാവത്തിൽ ഒരു സാങ്കൽപ്പിക പ്രവാചകദർശനം)
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭൂമിയുടെ എല്ലാ അതിരുകളിൽ നിന്നും തന്റെ നാമം വിളിക്കുന്നവരെ യേശു വിളിച്ചുകൂട്ടി.
രാജാക്കന്മാരും പുരോഹിതന്മാരും, മെത്രാന്മാരും പാസ്റ്റർമാരും, സന്യാസികളും സുവിശേഷകരും, ദൈവശാസ്ത്രജ്ഞരും സാധാരണ വിശ്വാസികളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂടി.
ഗാഢമായ നിശ്ശബ്ദത പരന്നു.
അപ്പോൾ യേശു അരുളിച്ചെയ്തു:
"എന്റെ ജനമേ, കേൾക്കുക. ഞാൻ നിന്നോടു സംസാരിക്കും. എന്റെ നാമം വിളിക്കുന്നവരേ, ഞാൻ ഇന്ന് നിങ്ങളോടു സാക്ഷ്യം പറയും."
"നിങ്ങളുടെ ഗാനങ്ങളുടെ എണ്ണംകൊണ്ടല്ല ഞാൻ നിങ്ങളെ അളക്കുന്നത്. നിങ്ങളുടെ സ്നേഹത്തിന്റെ ആഴംകൊണ്ടാണ്."
"നിങ്ങളുടെ ദേവാലയങ്ങളുടെ ഭംഗി ഞാൻ നോക്കുന്നില്ല. നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവരാജ്യം വളർന്നോ എന്നാണ് ഞാൻ നോക്കുന്നത്."
"നിങ്ങൾ എന്റെ ക്രൂശിനെ ഉയർത്തിപ്പിടിച്ചു; പക്ഷേ, നിങ്ങളുടെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാൻ നിങ്ങൾ മടിച്ചു."
"നിങ്ങൾ എന്നെ ആരാധിച്ചു; എന്നാൽ ഞാൻ ജീവിച്ച ജീവിതത്തെ നിങ്ങൾ ഭയപ്പെട്ടു."
"ഞാൻ നിങ്ങളെ പിതാവിങ്കലേക്ക് നയിച്ചു; നിങ്ങൾ മനുഷ്യരെ എന്നെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളിലേക്ക് നയിച്ചു."
"ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചു. നിങ്ങൾ എന്നെക്കുറിച്ചുള്ള വിശ്വാസങ്ങളെ രക്ഷയുടെ വ്യവസ്ഥയാക്കി."
"ഞാൻ പറഞ്ഞു: 'എന്നെ അനുഗമിക്കുവിൻ.'
നിങ്ങൾ പറഞ്ഞു: 'ഞങ്ങളുടെ വിശ്വാസപ്രമാണം അംഗീകരിക്കുവിൻ.'"
"ഞാൻ പറഞ്ഞു: 'വിധിക്കരുത്.'
നിങ്ങൾ പരസ്പരം വിധിച്ചു; സഭകൾ സഭകളെ വിധിച്ചു; ദൈവത്തിന്റെ മക്കൾ ദൈവത്തിന്റെ മക്കളെ വിധിച്ചു."
"ഞാൻ പറഞ്ഞു: 'ശത്രുക്കളെ സ്നേഹിക്കുവിൻ.'
നിങ്ങൾ അഭിപ്രായവ്യത്യാസമുള്ളവരെ ശത്രുക്കളാക്കി."
"ഞാൻ വിശന്നവന് അപ്പം നൽകി.
നിങ്ങൾ അവനോട് ആദ്യം അവന്റെ വിശ്വാസം ചോദിച്ചു."
"ഞാൻ രോഗിയുടെ കിടക്കയ്ക്കരികിൽ ചെന്നു.
നിങ്ങൾ ആദ്യം അവന്റെ മതം അന്വേഷിച്ചു."
"ഞാൻ കുട്ടികളെ ചേർത്തുപിടിച്ചു.
നിങ്ങൾ അവരെ ഉപദേശങ്ങളുടെ ഭാരംകൊണ്ട് ക്ഷീണിപ്പിച്ചു."
"ഞാൻ പാപികളെ സ്വീകരിച്ചു.
നിങ്ങൾ അവരെ അകറ്റിനിർത്തി."
"ഞാൻ കരുണയെ യാഗത്തേക്കാൾ വലിയതെന്നു പറഞ്ഞു.
നിങ്ങൾ ആചാരങ്ങളെ കരുണയെക്കാൾ വലുതാക്കി."
"ഞാൻ സ്വാതന്ത്ര്യം നൽകി.
നിങ്ങൾ ഭയം നൽകി."
"ഞാൻ മനുഷ്യരുടെ ഭാരം ചുമന്നു.
നിങ്ങൾ അവരുടെ ചുമടുകൾ വർദ്ധിപ്പിച്ചു."
"ഞാൻ പറഞ്ഞു: 'ദൈവരാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ട്.'
നിങ്ങൾ അതിനെ എന്നും ഭാവിയിലേക്ക് മാറ്റിവച്ചു."
പിന്നെ യേശു കുറച്ചുനേരം മൗനമായി.
അവന്റെ ദൃഷ്ടി സമ്മേളനത്തിനുമേൽ പരന്നു.
വീണ്ടും അവൻ അരുളിച്ചെയ്തു:
"നിങ്ങൾ എന്റെ നാമം അനേകം പ്രാവശ്യം ഉച്ചരിച്ചു.
എന്നാൽ എന്റെ മനസ്സ് എത്ര പ്രാവശ്യം നിങ്ങളുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ടു?"
"നിങ്ങൾ എന്നെ 'കർത്താവേ' എന്നു വിളിച്ചു.
എന്നാൽ ഞാൻ പറഞ്ഞത് ചെയ്തോ?"
"നിങ്ങൾ എന്റെ ജനനവും മരണവും ഉയിർപ്പും പ്രസംഗിച്ചു.
എന്നാൽ ഞാൻ ജീവിച്ച ജീവിതം പ്രസംഗിച്ചോ?"
"നിങ്ങൾ ലോകത്തെ എന്നിൽ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ നിങ്ങളെ പഠിപ്പിച്ചത് ദൈവത്തിൽ ആശ്രയിക്കാൻ ആയിരുന്നു."
അപ്പോൾ അവൻ കൈകൾ നീട്ടി പറഞ്ഞു:
"ഇനി മതി.
എന്നെക്കുറിച്ച് തർക്കിക്കുന്നത് അവസാനിപ്പിക്കുവിൻ.
എന്നെപ്പോലെ ജീവിക്കാൻ ആരംഭിക്കുവിൻ.
എന്നെ ആരാധിക്കുന്നതിന് മുമ്പ്, ഞാൻ സ്നേഹിച്ചതുപോലെ സ്നേഹിക്കുവിൻ.
എന്നെ പ്രസംഗിക്കുന്നതിന് മുമ്പ്, ഞാൻ നടന്ന വഴിയിൽ നടക്കുവിൻ.
അപ്പോഴാണ് ലോകം നിങ്ങളുടെ വാക്കുകളാലല്ല, നിങ്ങളുടെ ജീവിതത്താൽ എന്റെ പിതാവിനെ അറിയുക."
യേശു മൗനമായി.
സമ്മേളനവും മൗനമായി.
അപ്പോൾ രണ്ടുകൂട്ടർ എഴുന്നേറ്റു.
ഒരു കൂട്ടർ പറഞ്ഞു:
"ഇവൻ നമ്മുടെ പാരമ്പര്യങ്ങളെ ആക്രമിക്കുന്നു."
അവർ തങ്ങളെത്തന്നെ ന്യായീകരിച്ചുകൊണ്ടിരുന്നു.
മറ്റൊരു കൂട്ടർ ഒന്നും പറഞ്ഞില്ല.
അവർ കരഞ്ഞു.
അവർ തങ്ങളെത്തന്നെ ന്യായീകരിച്ചില്ല.
അവർ യേശുവിന്റെ പിന്നാലെ നടന്നു.
Comments