യേശുവിന്റെ നിലയും ഉപദേശങ്ങളുടെ വിലയും
ആമുഖം
ഒരു ആശയത്തിന്റെ ശക്തി, അത് പറയുന്ന വ്യക്തിയുടെ മഹത്വത്തോട് ചേർന്നാണ് ഉയരുന്നത്. അതായത് ഒരാളുടെ നിലയെ അടിസ്ഥാനമാക്കിയാണ് ആ ആളെ ജനം വിലമതിക്കുന്നത്. യേശുവിനെ കുറിച്ചും ഇത് സത്യമായിരുന്നു.
യേശുവിന്റെ നിലയും ഉപദേശങ്ങളുടെ വിലയും
യേശുവിന്റെ ഉപദേശങ്ങൾ — ശത്രുസ്നേഹം, ക്ഷമ, ദൈവരാജ്യം — ജനങ്ങളെ ആകർഷിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ചോദ്യം ഉയർന്നു: “ഇവൻ ആരാണ്?” യേശു പറയുന്ന കാര്യങ്ങളെ വിലമതിക്കണമെങ്കിൽ ആർക്കായാലും യേശുവിന്റെ നില എന്താണെന്നറിയണം.
ചിലർ അവനെ പ്രവാചകൻ എന്നു കരുതി. എന്നാൽ പത്രോസ് അവനെ മിശിഹാ എന്ന് പ്രഖ്യാപിച്ചു. യേശു മിശിഹായാണെന്ന് ജനം വിശ്വസിച്ചാൽ തീർച്ചയായും യേശുവിന്റെ ഉപദേശങ്ങൾ അവർ ശ്രദ്ധയോടെ കേൾക്കും എന്ന് പത്രോസ് തിരിച്ചറിഞ്ഞു. ആ നല്ല ഉദ്ദേശത്തോടെ പത്രോസ് യേശു മിശിഹായാണെന്ന് പ്രഖ്യാപിക്കുകയും ആ വിശ്വാസം ജനത്തിനിടയിൽ പരത്തുകയും ചെയ്തു. ദാവീദിന്റെ സിംഹാസനം പുനസ്ഥാപിക്കുന്ന രാജാവ് എന്ന നിലയിലാണ് പത്രോസ് യേശുവിനെ മിശിഹ എന്ന് വിളിച്ചത്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി യേശു കുരിശിക്കപ്പെട്ടപ്പോൾ ഈ വിശ്വാസം നിലംപരിശായി. എന്നാൽ യേശുവിന്റെ കല്ലറ ശൂന്യമായി കാണുകയും യേശുവിനെ ജീവനോടെ കാണുകയും ചെയ്തപ്പോൾ യേശു മിശിഹാ തന്നെ എന്ന വിശ്വാസം വീണ്ടും അതിശക്തിയോടെ തിരികെ വന്നു. താമസിയാതെ യേശു വീണ്ടും വരുമെന്നും ഇസ്രായേലിന്റെ രാജാവാകുമെന്നും ആദിമ ക്രൈസ്തവ സഭ വിശ്വസിച്ചു.
യേശു പഠിപ്പിച്ച കാര്യങ്ങൾ ആളുകൾ ശ്രദ്ധയോടെ കേൾക്കുവാൻ ഈ വിശ്വാസം കാരണമായി എന്ന് കരുതാം. യേശു മിശിഹാ തന്നെ എന്ന വിശ്വാസം ഇപ്രകാരം തുടക്കത്തിൽ വളരെ ഗുണകരമായി ഭവിച്ചു.
യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങൾ ഹിമാലയം പോലെ വളർന്നു, പ്രതീക്ഷിച്ച പോലെ യേശു മടങ്ങി വരികയും ഇസ്രായേലിന്റെ രാജാവാകുകയും ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ മറ്റൊരു വിശ്വാസം ഉയർന്നുവന്നു-- യേശു ഇപ്പോൾ തന്നെ ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു കൊണ്ട് ലോകത്തെ ആകെ ഭരിക്കുന്നു. മിശിഹാ എന്ന വാക്ക് യേശുവിന്റെ പേരിന്റെ ഭാഗമായി മാറി. യേശുമിശിഹാ അഥവാ യേശുക്രിസ്തു എന്ന് യേശു അറിയപ്പെട്ടു. യേശു തന്നെയാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്നവർക്ക് ക്രിസ്ത്യാനികൾ എന്ന പേര് ഉണ്ടായി.
ക്രമേണ യേശുവിന്റെ സ്ഥാനം വീണ്ടും ഉയർന്നു-- ദൈവിക ത്രിത്വത്തിൽ ഒരാളായി. ഈ വിശ്വാസം ക്രിസ്തുമതത്തിന്റെ കേന്ദ്ര വിശ്വാസമായി മാറി. ഈ വിശ്വാസത്തെ വെല്ലുവിളിച്ച അറിയൂസിനെ വേദവിപരീതി എന്ന് പ്രഖ്യാപിക്കുകയും നാടുകടത്തുകയും ചെയ്തു.
യേശുവിന്റെ നില ഉയരുന്നതനുസരിച്ച് യേശുവിന്റെ ഉപദേശങ്ങളുടെ വില ഉയരേണ്ടതാണ് എന്ന് നാം കണ്ടു. യേശുവിന്റെ ജീവിതകാലത്ത് അത് സംഭവിച്ചിരിക്കാം. എന്നാൽ അതിനു ശേഷം അത് സംഭവിച്ചില്ല. യേശുവിന്റെ ഉപദേശങ്ങളുടെ വില യേശുവിന്റെ നില ഉയർന്നതനുസരിച്ച്
ഉയർന്നില്ല എന്ന് മാത്രമല്ല, അത് അവഗണിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്തു.
യേശുവിന്റെ ഉപദേശങ്ങൾ അനുസരിച്ച് ജീവിക്കാൻ ശ്രമിച്ചവർക്ക് യേശു ഒരു മാതൃകാ പുരുഷനായിരുന്നു. എന്നാൽ യേശുവിന്റെ നില വളരെ ഉയർന്നതോടുകൂടി യേശു മാതൃകാപുരുഷൻ അല്ലാതെയായി. യേശുവിന്റെ ഉപദേശങ്ങൾ അനുസരിച്ച് ജീവിക്കുവാൻ യേശുവിനു മാത്രമേ കഴിയൂ, കാരണം യേശു ദൈവമാണ്. മനുഷ്യരെക്കൊണ്ട് അത് സാധ്യമല്ല എന്ന് ചിന്ത വ്യാപകമായി പ്രചരിച്ചു.
വിശ്വാസവും വിഭജനങ്ങളും
“യേശു ആരാണ്?” എന്ന ചോദ്യം ചരിത്രത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായി. യേശു ദൈവമാണോ മനുഷ്യനാണോ എന്ന് തീരുമാനിക്കാൻ വേണ്ടിയാണ് നിഖ്യ സുന്നഹദോസ് കൂടിയത്.
യേശുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും എങ്ങനെ ഒന്നിച്ച് നിലകൊണ്ടു എന്ന ചോദ്യം വലിയ വിവാദങ്ങൾക്കും വിഭജനങ്ങൾക്കും കാരണമായി. യേശുവിന്റെ അമ്മ മറിയം ദൈവമാതാവാണോ അതോ മനുഷ്യമാതാവാണോ എന്ന ചോദ്യം വലിയ വിഭജനങ്ങൾക്ക് വഴി വച്ചു.
ഇതിന്റെ ഫലമായി അനേകം ക്രൈസ്തവ സഭകൾ രൂപം കൊണ്ടു. അവ തമ്മിൽ ഐക്യം ഇല്ല എന്ന് മാത്രമല്ല, തമ്മിൽ വല്ലാത്ത ശത്രുതയും ഉണ്ട്.
ഇതോടൊപ്പം മറ്റു മതങ്ങൾ യേശുവിനെ വ്യത്യസ്തമായി കാണുന്നു. യേശുവിനെ ഒരു പ്രവാചകനായി കാണുവാൻ യഹൂദ മതത്തിനും ഇസ്ലാം മതത്തിനും സമ്മതമാണ്. എന്നാൽ മിശിഹാ, ദൈവം എന്നീ നിലകളിൽ യേശുവിനെ കാണുവാൻ അവർക്ക് സമ്മതമല്ല. ഈ വ്യത്യാസങ്ങൾ മതങ്ങൾ തമ്മിലുള്ള അകലം വർധിപ്പിച്ചു.
പുറത്തുനിന്നുള്ള എതിർപ്പുകളെക്കാൾ വലിയ വെല്ലുവിളി അകത്തുള്ള വിഭജനമാണ്.
വ്യത്യസ്ത വിശ്വാസ വ്യാഖ്യാനങ്ങൾ ക്രൈസ്തവ ഐക്യത്തെ ദുർബലമാക്കുന്നു. ലോകം മതബഹുസ്വരതയിലേക്ക് നീങ്ങുമ്പോൾ, ചിലയിടങ്ങളിൽ മതമൗലികവാദവും ഉയരുന്നു.
അതിനാൽ ഇന്ന് നാം ചോദിക്കേണ്ട ചോദ്യം ഇതാണ്: ക്രൈസ്തവികത എങ്ങനെ സാർഥകമായി മുന്നോട്ട് പോകും? എങ്ങനെ അത് നശിച്ചു പോകാതെ വെല്ലുവിളികളെ അതിജീവിച്ച് നിലനിൽക്കും?
ഇവിടെ ഒരു നിർണ്ണായക ചിന്ത ഉയരുന്നു:
👉 “യേശു ആരാണ്?” എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് മാറി,
“യേശു എന്താണ് പഠിപ്പിച്ചത്?” എന്നതിനെ വീണ്ടും കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
👉 ഫലം:
സഭകൾ തമ്മിലുള്ള അകലം കുറയും
വിശ്വാസം വാദത്തിൽ നിന്ന് ജീവിതത്തിലേക്ക് മാറും
മനുഷ്യബന്ധങ്ങൾ മെച്ചപ്പെടും
ഈ മാറ്റം വ്യക്തിതലത്തിലും സഭാതലത്തിലും ഉണ്ടാകണം. യേശുവിന്റെ ഉപദേശങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നത് വീണ്ടും കേന്ദ്ര സ്ഥാനത്തേക്ക് വരണം. യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങൾ ഒരിക്കലും കേന്ദ്ര സ്ഥാനത്ത് വരാൻ പാടില്ല. അവ കഴിഞ്ഞ 2000 വർഷങ്ങളായി ക്രൈസ്തവികതയെ കീറിമുറിക്കുക മാത്രമാണ് ചെയ്തത്. മറ്റു മതങ്ങളുമായി ശത്രുത ഉണ്ടാക്കുകയും ചെയ്തു.
സമാപനം
“യേശുവിനെക്കുറിച്ച് ഉള്ള വിശ്വാസം, യേശുവിനെ പോലെ ജീവിക്കാനുള്ള പ്രതിബദ്ധതയായി മാറിയില്ലെങ്കിൽ അത് അപൂർണ്ണമാണ്.”
അതു മനുഷ്യരെ വേർതിരിക്കുന്നു, യേശുവിന്റെ ഉപദേശങ്ങളെ തമസ്കരിക്കുന്നു.
യേശു ആരാണ് എന്ന വിശ്വാസം യേശു എന്താണ് പഠിപ്പിച്ചത് എന്നതിനെ തുണയ്ക്കുന്നതാവണം. യേശു പഠിപ്പിച്ച കാര്യങ്ങളെല്ലാം അവഗണിച്ചുകൊണ്ട് യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങൾ ഹിമാലയത്തോളം വളർത്തുന്നത് അപകടകരമാണ്
Comments