സ്വര്‍ഗീയ മാലാഖമാര്‍ സ്തുതിക്കുന്നതുപോലെ
2015 April 13 നു കോട്ടയത്തു പ്രകാശനം ചെയ്ത ഈ പുസ്തകം ക്രൈസ്തവാരാധനയുടെ ഒരു ധ്യാനപഠനമാണ്.
സ്വര്‍ഗം സ്വര്‍ഗമായിരിക്കുന്നത് സ്വര്‍ഗനിവാസികള്‍ ദൈവത്തെ സ്തുതിക്കുന്നതുകൊണ്ടാണ്. അതുപോലെ നാമും ദൈവത്തെ സ്തുതിച്ചാല്‍ നമ്മുടെ ഭൂമിയും സ്വര്‍ഗമാകും -- ഇതാണ് ഈ ഗ്രന്ഥത്തിന്‍റെ കേന്ദ്ര ആശയം.
ശ്രീ ബന്യാമിന്‍ അവതാരികയില്‍ പറയുന്നതുപോലെ, ഇത് വായിച്ച് ഗ്രഹിച്ചശേഷം പങ്കെടുക്കുന്ന ആരാധന ഇന്നലെവരെ കണ്ട ആരാധനയില്‍ നിന്നു വ്യത്യസ്തമായിരിക്കും.
ഈ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് K. M. George അച്ചന്‍ പറയുന്നതു ഇവിടെ കേള്‍ക്കാം:
https://www.youtube.com/watch?v=XNPSmJqQ3B8&feature=youtu.be
ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് കാതോലിക്കാബാവ തിരുമേനി പുസ്തകം ജോഷ്വാ അച്ചന് നല്‍കി പ്രകാശനം ചെയ്യുന്നു.
ഈ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് K. M. George അച്ചന്‍ പറയുന്നതു ഇവിടെ കേള്‍ക്കാം:
https://www.youtube.com/watch?v=XNPSmJqQ3B8&feature=youtu.be
ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് കാതോലിക്കാബാവ തിരുമേനി പുസ്തകം ജോഷ്വാ അച്ചന് നല്‍കി പ്രകാശനം ചെയ്യുന്നു.
25 അദ്ധ്യായങ്ങളാണ് ഇതില്‍ ഉള്ളത്. ഇ
തിലെ ഒന്നാം അധ്യായം
തിലെ ഒന്നാം അധ്യായം
താഴെ കൊടുക്കുന്നു.
1. സ്രാപ്പികളെക്കണ്ടേശായാ
ക്രിസ്തുവിനും ഏതാണ്ട് 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യഹൂദ്യാ രാജ്യത്തില്‍ ഒരു ദൈവമനുഷ്യന് ഒരു ദിവ്യദര്‍ശനം ഉണ്ടായി. മാലാഖമാര്‍ ദൈവത്തിന് മഹത്വം പാടുന്നതാണ് അദ്ദേഹം ദര്‍ശിച്ചത്.
ഉസ്സിയാ രാജാവു നാടുനീങ്ങിയ വര്‍ഷം ആയിരുന്നു അത്. അദ്ദേഹം ഭരിച്ച അരനൂറ്റാണ്ടു കാലം സമ്പല്‍സമൃദ്ധിയുടേതായിരുന്നു. സര്‍വേശ്വരന്‍റെ പ്രതിപുരുഷനായി ജനം സ്വീകരിച്ചിരുന്ന ഈ മഹാരാജാവ് നിര്‍ഭാഗ്യവശാല്‍ ഒരു കുഷ്ഠരോഗിയായി തീരുകയും അകാലചരമമടയുകയും ചെയ്തു. ഈ സംഭവം ഒരു വെള്ളിടിപോലെ ജനഹൃദയങ്ങളെ ആഴത്തില്‍ ഞെട്ടിച്ചു. പുരോഹിതന്മാരുടെ വിലക്ക് വകവയ്ക്കാതെ ദൈവസന്നിധിയില്‍ ധൂപാര്‍പ്പണം ചെയ്തതു കൊണ്ടാണ് അത് സംഭവിച്ചത് എന്നു ചിലര്‍ വിശ്വസിച്ചു (2 ദിന 26:16-22). നല്ലവനും മഹാനുമായിരുന്ന അവരുടെ രാജാവിനെ ഇത്രയും ക്രൂരമായി ശിക്ഷിച്ചതിന്‍റെ പേരില്‍ അവര്‍ ദൈവത്തെ പഴിച്ചു എന്ന് കരുതാന്‍ ന്യായമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദൈവസന്നിധിയില്‍ ഏകാഗ്രചിത്തനായിരുന്നു ധ്യാനിച്ച ദൈവമനു ഷ്യനു ദര്‍ശനം ഉണ്ടായത്.
ഒരു പ്രവാചകനായി അറിയപ്പെട്ടിരുന്ന ഈ ദൈവമനുഷ്യന്‍റെ പേര് ഏശായ എന്നായിരുന്നു. അദ്ദേഹം ദൈവത്തെ ദര്‍ശിച്ചതായി പറയുന്നില്ല. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ ദര്‍ശിക്കാനാവാത്ത പോലെ ദൈവത്തെ തനിക്ക് ദര്‍ശിക്കാനാവില്ല എന്നു അദ്ദേഹം തി രിച്ചറിഞ്ഞിരിക്കണം. എന്നാല്‍ ലോകത്തെയാകെ ഭരിക്കുന്ന മഹാ രാജാവ് എന്ന നിലയില്‍ ദൈവം ഉപവിഷ്ടനായിരിക്കുന്ന ഉയര്‍ന്ന സിംഹാസനം അദ്ദേഹം ശ്രദ്ധിച്ചു. ലോകമഹാരാജാവ് അണിഞ്ഞിരുന്ന മേലങ്കിയുടെ വിളുമ്പുകള്‍ ആ ദൈവാലയത്തെ നിറച്ചിരുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടു. ദൈവസിംഹാസനത്തിന് ചുറ്റും ഏതു ആജ്ഞയും ഉടനടി നിറവേറ്റാന്‍ സന്നദ്ധരായി പറക്കുന്ന മാലാഖമാരെ അദ്ദേഹം കണ്ടു. ആറാറു ചിറകുകള്‍ ഉള്ള സെറാ ഫുകള്‍ എന്ന തരം മാലാഖമാരാണ് അവര്‍ എന്ന കാര്യം അദ്ദേ ഹം പ്രത്യേകം ശ്രദ്ധിച്ചു. ദൈവികശോഭ തങ്ങളെ അന്ധരാക്കാതിരി ക്കുവാന്‍ രണ്ടു ചിറകുകള്‍ കൊണ്ട് അവര്‍ കണ്ണുകള്‍ മൂടി. പൊള്ളലേല്‍ക്കാതിരിക്കുവാന്‍ രണ്ടു ചിറകുകള്‍ കൊണ്ട് കാലുകള്‍ മൂടി. അവശേഷിക്കുന്ന രണ്ടു ചിറകുകള്‍ കൊണ്ട് അവര്‍ ദൈവ സിംഹാസനത്തിന് ചുറ്റും പറന്നു. ആകാശവും ഭൂമിയും തന്‍റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നു അവര്‍ സദാ ആര്‍ത്തു കൊണ്ടിരുന്നു. ഈ ദര്‍ശനം നമ്മുടെ ഒരു ആരാധനാഗീതത്തിന്‍റെ വിഷയമാണ്.
സ്രാപ്പികളെ കണ്ടേശായാ ബസ്കുദിശായില്‍ നിന്‍ മുമ്പില്‍
ചിറകുകളാറാറുള്ളവരായ് എരിതീയാമാത്മാക്കളവര്‍
കാണായ്-വാന്‍ നിന്‍ ദൈവത്വം മുഖമവര്‍ മൂടുന്നിരുചിറകാല്‍
ഏരിയായ്-വാന്‍ നിന്‍ജ്വാലയതില്‍ ഇരുചിറകാലെ കാലുകളും
അട്ടഹസിക്കുന്നിരുചിറകും കൊട്ടിയവര്‍ നിന്നിട്ടേവം
പരിശുദ്ധന്‍ നീ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ ദൈവസുതാ
എബ്രായഭാഷയില്‍ ഈ മാലാഖമാരെ വിളിച്ചിരുന്നത് സെറാഫ് എന്നും ഒന്നിലധികം ഉണ്ടെങ്കില്‍ സെറാഫിം എന്നും ആണ്. ഗ്രീക്കിലും അങ്ങനെ തന്നെയാണ് ഉച്ചാരണം. എന്നാല്‍ സുറിയാനിയില്‍ സ്രാപ്പികള്‍ എന്നോ സ്രോപ്പേന്‍മാര്‍ എന്നോ ആണ് ഉച്ചാരണം. മലയാളത്തില്‍ സാറാഫുകള്‍ എന്നും പറയാറുണ്ട്.
സെറാഫുകള്‍ സദാ ദൈവത്തെ പരിശുദ്ധന്‍ എന്നു സ്തുതിക്കുന്നത് ഈ ദൈവമനുഷ്യന്‍റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. മഹാനായ ഉസ്സിയാ രാജാവ് ഒരു കുഷ്ഠരോഗിയായി മരിക്കാനിടയായ സാഹചര്യത്തില്‍ നാട് മുഴുവന്‍ ദൈവത്തെ പഴിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാവണം അതില്‍ നിന്നു വ്യത്യസ്തമായി മാലാഖമാര്‍ ദൈവത്തെ പരിശുദ്ധന്‍ എന്നു വാഴ്ത്തുന്ന കാര്യം ഈ ദൈവമനുഷ്യനെ സ്പര്‍ശിച്ചത്. ഈ സംഭവവികാസങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നിരിക്കണം. തന്‍റെ നാവ് അശുദ്ധമാണെന്നും അശുദ്ധ അധരങ്ങളുള്ള ജനത്തിന്‍റെ നടുവിലാണ് താന്‍ ജീവിക്കുന്നതെന്നും കുറ്റസമ്മതം ചെയ്യുന്ന മാത്രയില്‍ ഒരു മാലാഖ ദൈവസന്നിധിയില്‍ നിന്നു തീക്കനലുമായി അദ്ദേഹത്തിന്‍റെ അടുക്കലേക്ക് പറന്നു വരികയും അത് അദ്ദേഹത്തിന്‍റെ നാവില്‍ തൊട്ട് ശുദ്ധീകരിക്കുകയും ചെയ്തു.
ഈ മഹാദൈവദര്‍ശനം അദ്ദേഹത്തെ സമൂലം രൂപാന്തരപ്പെടുത്തി. ദൈവത്തെ പഴിച്ചുകൊണ്ടുള്ള ജീവിതത്തിന്‍റെ സ്ഥാനത്ത് മാലാഖമാര്‍ക്കൊപ്പം സദാ ദൈവത്തെ മഹത്വപ്പെടുത്തുന്ന പുതിയ ജീവിതത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. ദൈവാലയത്തിന് പുറത്തിറങ്ങി കണ്ടവരോടെല്ലാം അദ്ദേഹം പറഞ്ഞു: ദൈവം പരിശുദ്ധനാണ്. അറിവില്ലായ്മ കൊണ്ടാണ് നാം ദൈവത്തെ പഴിക്കുന്നത്. മാലാഖമാര്‍ക്കൊപ്പം നമുക്ക് ദൈവത്തെ പരിശുദ്ധന്‍ എന്നു വാഴ്ത്താം. കേട്ടവര്‍ കേട്ടവര്‍ ഇത് മറ്റുള്ളവരോട് പറഞ്ഞു. അങ്ങനെ ഏശായാപ്രവാചകന്‍റെ ദൈവദര്‍ശനം ഒരു ജനതയെ മുഴുവന്‍ ആഴമായി സ്വാധീനിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സ്നേഹിതരും ശിഷ്യരുമായി ചുറ്റും കൂടിയ ചിലര്‍ അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളും ഉപദേശങ്ങളും അടുത്ത തലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തി. പില്‍ക്കാലത്ത് അത് യഹൂദജനതയുടെ തിരുവെഴുത്തുകളില്‍ ഇടം നേടി. അങ്ങനെ അത് നൂറ്റാണ്ടുകള്‍ക്ക് ശേഷം നാമും വായിക്കാന്‍ ഇടയായി. (ഏശായാ 6)
വിശുദ്ധ കുര്‍ബാനയ്ക്ക് രൂപം നല്‍കാന്‍ ആദിമസഭാപിതാക്കന്‍മാര്‍ക്ക് ആവേശം നല്‍കിയത് ഏശായാ പ്രവാചകന്‍റെ ദശനമായിരുന്നു എന്നു ശ്രീ സി. കെ. വര്‍ഗീസ് (ജീവനുള്ള ബലി) അഭിപ്രായപ്പെടുന്നു. മാലാഖമാര്‍ നിരന്തരം ദൈവത്തെ സ്തുതിക്കുന്ന ഈ ചിത്രം യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ ആരാധനയുടെ അടിസ്ഥാനമായി തീര്‍ന്നു. ദൈവത്തെ പഴിച്ചുകൊണ്ടുള്ള ജീവിതത്തിനു പകരം മാലാഖമാരോടൊപ്പം ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന ആരാധനാസമൂഹങ്ങളായാണ് ഈ മതങ്ങളിലുള്ളവര്‍ സ്വയം കാണുന്നത്. ആരാധിക്കുവാനായി അവര്‍ ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ മാലാഖമാരോടൊപ്പം ദൈവസിംഹാസനത്തിന്‍റെ മുമ്പില്‍ നില്‍ക്കുന്നതായി അവര്‍ സ്വയം കാണുന്നു. അവര്‍ ഏശായാപ്രവാചകന്‍ കണ്ട ദര്‍ശനം വീണ്ടും വീണ്ടും കാണുകയും അത് തങ്ങളുടെ ജീവിതത്തെ സമൂലം രൂപാന്തരപ്പെടുത്തുവാന്‍ അനുവദിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ ചെയ്തതു പോലെ തങ്ങള്‍ അശുദ്ധരാണെന്ന് സമ്മതിക്കുകയും ദൈവത്തില്‍ നിന്നു ക്ഷമയും വിശുദ്ധിയും പ്രാപിക്കുകയും ചെയ്യുന്നു.
Comments
Even though we are in orthodox community, there is an influence of teachings of western church in us....